വെല്ലിംഗ്ടണിൽ വിജയപ്പെരുമയൊന്നും ഇന്ത്യക്ക് അവകാശപ്പെടാനില്ലെങ്കിലും പേസർ സഹീർ ഖാന്റെ പ്രകടനം വേറിട്ടുനിൽക്കുന്നു. ബാസിൻ റിസർവിൽ മൂന്നു ടെസ്റ്റ് കളിച്ച സഹീർ 17 വിക്കറ്റുകളാണു പിഴുതത്. ഇതു മാത്രമല്ല, വെല്ലിംഗ്ടണിൽ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ വിദേശതാരമെന്ന പദവിയും സഹീറിനാണ്. മൂന്നു തവണയും ഇന്നിംഗ്സിൽ അഞ്ചു വിക്കറ്റ് നേട്ടവും കരസ്ഥമാക്കി.
നാലു തവണ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ക്രിസ് മാർട്ടിൻ മാത്രമാണു സഹീറിനു മുന്നിലുള്ളത്. ഇതിഹാസതാരം റിച്ചാർഡ് ഹാഡ്ലിക്കും മൂന്നു തവണയാണ് വെല്ലിംഗ്ടണിൽ അഞ്ചു വിക്കറ്റ് നേട്ടമുള്ളത്. മാർട്ടിൻ 14 ടെസ്റ്റും ഹാഡ്ലി 12 ടെസ്റ്റുമാണു വെല്ലിംഗ്ടണിൽ കളിച്ചത്. 92 ടെസ്റ്റുകളിൽ 11 തവണ മാത്രം ഒരിന്നിംഗ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ സഹീറിന്റെ വെല്ലിംഗ്ടണിലെ പ്രകടനം എടുത്തുപറയേണ്ടതാണ്.
ഇന്ത്യയിൽ 38 ടെസ്റ്റുകളിൽ മൂന്നു തവണ മാത്രം ഒരിന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേട്ടമുണ്ടാക്കിയ സഹീർ ന്യൂസിലൻഡിൽ ഏഴു ടെസ്റ്റുകളിൽ നാലു തവണ അഞ്ചു വിക്കറ്റ് നേട്ടം കരസ്ഥമാക്കി. 2002ൽ ഹാമിൽട്ടണിലും സഹീർ അഞ്ചു വിക്കറ്റ് വീഴ്ത്തിയിരുന്നു 2002, 2009, 2014 വർഷങ്ങളിലായിരുന്നു സഹീർ ഖാൻ വെല്ലിംഗ്ടണിൽ കളിച്ചത്. സഹീറിന്റെ അവസാന ടെസ്റ്റും വെല്ലിംഗ്ടണിലായിരുന്നു.