നര്‍ത്തകിയും നടിയുമായ ഇഷാ ഷെര്‍വാണി കൈയ്യൊഴിഞ്ഞതോടെ ഒറ്റക്കായതാണ് ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍. ഇപ്പോള്‍ പ്രായം 38, ഇനിയെങ്കിലും ആരെയെങ്കിലും വിവാഹം കഴിച്ചുകൂടെ എന്ന ആരാധകര്‍ ചോദിക്കാനും തുടങ്ങിയിരുന്നു. അങ്ങനെ ഒടുവില്‍ സഹീറിന്റെ വഞ്ചിയും കരയ്ക്കടുത്തു. ബോളിവുഡ് നടി സാഗരികാ ഘാട്‌ഗെയാണ് സഹീറിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. കുറച്ചു നാളുകളായി പലയിടത്തും ഇരുവരെയും ഒന്നിച്ചാണ് പ്രത്യക്ഷപ്പെടുന്നത്.
ഷാരൂഖ് ഖാന്‍ നായകനായ ചക്‌ദേ ഇന്ത്യയില്‍ വനിതാ ഹോക്കി താരമായി തകര്‍ത്തഭിനയിച്ചതോടെയാണ് സാഗരികയെ തേടി അവസരങ്ങള്‍ വരാന്‍ തുടങ്ങിയത്. സാഗരികയുടെ ഏറ്റവും പുതിയ ചിത്രമായ ഇരദ സഹീര്‍ ആദ്യദിനം തന്നെ കണ്ടെന്ന് സാഗരിക തന്നെ പറഞ്ഞത് ഗോസിപ്പുകള്‍ക്ക് ചൂടു പകര്‍ന്നു. സഹീറുമായുള്ള സൗഹൃദത്തില്‍ താന്‍ സന്തോഷവതിയാണെന്നും സ്വകാര്യകാര്യങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്നും സാഗരിക പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റ്താരം യുവരാജ് സിംഗിന്റെയും ഹേസല്‍ കീച്ചിന്റെയും വിവാഹ വേളയില്‍ ഇവര്‍ ഒരുമിച്ചെത്തിയതോടെയാണ് ആളുകളുടെ സംശയം ബലപ്പെട്ടത്. താന്‍ സഹീറിന്റെ ഒരു കടുത്ത ആരാധികയാണെന്നു പറയുന്ന സാഗരിക കാര്യങ്ങള്‍ തുറന്നു പറയാന്‍ തനിക്കൊരു മടിയുമില്ലെന്നും വ്യക്തമാക്കുന്നു. ചക്‌ദേ ഇന്ത്യയിലും സാഗരികയുടെ കാമുകന്‍ ഒരു ക്രിക്കറ്റ്താരമായിരുന്നു. ജീവിതത്തില്‍ കാമുകന്‍ ഭര്‍ത്താവാകുമോയെന്ന് കണ്ടറിയണം.