പോർടസ്മൗത്ത്: ബ്രിട്ടനിലെ പോർട്സ്മൗത്തിൽ താമസിക്കുന്ന കോട്ടയം പാക്കിൽ സ്വദേശി സഖറിയാസ് പറമ്പി ഇന്ന് പോർടസ്മൗത്ത് ലത്തീൻ രൂപതയ്ക്കു വേണ്ടി പെർമനെന്റ് ഡീക്കനായി അഭിഷിക്തനാകും. പോർടസ്മൗത്ത് ബിഷപ് ഡോ. ഫിലിപ്പ് ഈഗന്റെ കൈവയ്പ് ശുശ്രൂഷ വഴിയാണ് ഇദ്ദേഹം ഡീക്കൻ പട്ടം സ്വീകരിക്കുന്നത്.
പതിനെട്ട് വർഷമായി ഇംഗ്ലണ്ടിലെ പോർട്സ്മൗത്തിൽ കുടുംബ സമേതം താമസിക്കുന്ന സഖറിയാസ് ബ്രിട്ടനിലെത്തിയ നാൾ മുതൽ ഇവിടത്തെ പ്രാദേശിക സഭയുമായും പള്ളികളിലെ ശുശ്രൂഷകളുമായി ബന്ധപ്പെട്ടും സജീവമായിരുന്നു. കോവിഡ് കാലത്ത് സുഹൃത്തിൽ നിന്നു ലഭിച്ച പ്രചോദനമാണ് ഈ വഴിയിലേക്കു നീങ്ങാൻ പ്രേരിപ്പിച്ചത്. നാലര വർഷത്തെ പഠനത്തിന് ശേഷമാണ് ഇന്ന് ഡീക്കൻ പട്ടം സ്വീകരിക്കാൻ യോഗ്യനായത്.
റോമൻ കത്തോലിക്ക സഭയിൽ വൈദികർ ചെയ്യുന്ന വിശുദ്ധ കുർബാനയും വിശുദ്ധ കുമ്പസാരവും തൈലാഭിഷേക ശുശ്രൂഷയും ഒഴികെയുള്ള ചില തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കാൻ ഡീക്കൻ പദവിയിലൂടെ സഖറിയാസ് യോഗ്യത നേടും. ഫാർമസി ടെക്നിഷൻ സിസിയാണ് സഖറിയാസിന്റെ ഭാര്യ. മക്കൾ: ഡോ. സ്നേഹ, ഐടി ടെക്നിഷൻ ജോസ്, മെഡിക്കൽ വിദ്യാർഥിനി ശ്രിയ.
വിദേശ രാജ്യങ്ങളിൽ റോമൻ കത്തോലിക്ക സഭയിൽ കുടുംബജീവിതം നയിക്കുന്ന ആളുകൾക്ക് സാധാരണമായി ലഭിക്കുന്ന ഒരു പദവി ആണ് ഇതെങ്കിലും പ്രവാസികളായ മലയാളികൾ ഈ ശുശ്രൂഷ ചെയ്യുന്നത് അപൂർവമാണ്. സഖറിയാസിനെ കൂടാതെ ആറു മലയാളികൾ ബ്രിട്ടനിലെ മറ്റ് ലത്തീൻ രൂപതകളിൽ ശുശ്രൂഷ ചെയ്യുന്നുണ്ട്. ചങ്ങനാശേരി അതിരൂപതയിലെ കടുവാക്കുളം ലിറ്റിൽ ഫ്ലവർ പള്ളി ഇടവകാംഗമാണ് സഖറിയ.