ശശികുമാർ പകവത്ത്
തിരുവില്വാമല: ഫുട്ബോൾ ഗ്രൗണ്ടിൽ ആരവങ്ങൾക്കു നടുവിൽ കളി നിയന്ത്രിച്ച റഫറി ജീവിതചെലവുകളുടെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കന്പിവേലിക്കു കുഴിയെടുക്കുന്നു.
തിരുവില്വാമല കണിയാർക്കോട് പാറപ്പുറത്ത് സക്കീറും ഭാര്യ സൽമത്തും റിയാലിറ്റി ഷോകളിലൂടെ ലോകമറിയുന്ന ഡാൻസർമാരായ സുമയ്യ, സാനിയ എന്നീ പെണ്മക്കളടങ്ങുന്ന കുടുംബമാണ് ലോക്ക്ഡൗണ് കാലത്ത് ദുരിതജീവിതം അനുഭവിക്കുന്നത്.
ലോക്ക്ഡൗണിൽ മൈതാനങ്ങൾക്കും വിലക്കുവീണതോടെ തീരുമാനിച്ചിരുന്ന ഫുട്ബോൾ മത്സരങ്ങൾ എല്ലാം മാറ്റിവയ്ക്കുകയോ, വേണ്ടെന്നുവയ്ക്കുകയോ ചെയ്തു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നടക്കുന്ന വിവിധ ഫുട്ബോൾ മേളകളിൽ റഫറിയായി പോയിരുന്ന സക്കീർ ആ വരുമാനംകൊണ്ടാണ് ജീവിതചെലവും കുട്ടികളുടെ പഠനവും നടത്തിയിരുന്നത്.
കളികൾക്കു ലോംഗ് വിസിൽ വീണതോടെ വരുമാനം നിലച്ചതോടെ കന്പിവേലി പണിക്കും മറ്റു കൂലിപ്പണിക്കൾക്ക് പോയുമാണ് ജീവിതം തള്ളിനീക്കുന്നത്. സ്വന്തമായ വീട് കാലപ്പഴക്കത്താൽ തകർന്നതോടെ ഇപ്പോൾ വാടകവീട്ടിലാണ് താമസം. വാടക നൽകാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ.
സക്കീറും ഭാര്യയും ചേർന്ന് ചെറിയ ഒരു വീട് നിർമിച്ചെങ്കിലും മുഴുവൻ പണികഴിഞ്ഞിട്ടില്ല. വൈദ്യുതി കണക്്ഷനും ലഭിച്ചിട്ടില്ല. മക്കൾക്ക് റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് ലഭിച്ച സമ്മാനത്തുകയും ഭാര്യയുടെ മാലയും തന്റെ ബൈക്കും വിറ്റുകിട്ടിയ തുകകൊണ്ടാണ് ഒറ്റമുറിവീട് നിർമിച്ചത്.
മൂത്തമകൾ സുമയ്യ പ്ലസ് ടുവിനാണ് പഠിക്കുന്നത്. ഇളയവൾ സാനിയ ഒന്പതാംക്ലാസിൽ പഠിക്കുന്നു. ഈയടുത്ത കാലത്താണ് ഇവർക്ക് റേഷൻ കാർഡ് ലഭിച്ചത്. ഉയർന്ന വരുമാനമുള്ളവർക്കുള്ള വെള്ളനിറത്തിലുള്ള കാർഡാണ് ഇവരുടേത്.
ഇതു മാറ്റിനൽകാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് സക്കീർ പറഞ്ഞു.
നൃത്തത്തിനും കാൽപന്തുകളികൾക്കുമിടയിൽ ഫൗളായി വന്നുകയറിയ ദാരിദ്ര്യത്തെ പുറത്താക്കി സ്വന്തമായി ഒരു വീടു വേണമെന്നതാണ് ഇവരുടെ ഏക സ്വപ്നം.