ബേക്കല്‍: രാവിലെ മദ്രസയിലേക്ക് പോകുന്ന കുട്ടികളെ തെരുവുനായ്ക്കളില്‍ നിന്നു സംരക്ഷിക്കാന്‍ എയര്‍ഗണ്ണുമായി അകമ്പടി സേവിച്ച ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിന്റെ പേരില്‍ കേസ്.
ലഹളയുണ്ടാക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഐപിസി 153 പ്രകാരമാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. കേസെടുത്തതില്‍ ദു:ഖമുണ്ടെന്നും താന്‍ ആരെയും ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സമീര്‍ പ്രതികരിച്ചു.
‘ഹിറ്റ്ലര്‍’ സിനിമയില്‍ സഹോദരിമാര്‍ക്ക് അകമ്പടിയായി മാധവന്‍കുട്ടി നടക്കുന്നതുപോലെ മദ്രസയിലേക്ക് പോകുന്ന പെണ്‍കുട്ടികളുടെ മുന്നില്‍ സമീര്‍ തോക്കുമായി നെഞ്ചുവിരിച്ച് നടക്കുന്നതിന്റെ വീഡിയോ ഇന്നലെ വൈറലായിരുന്നു.
മാധവന്കുട്ടിയില്നിന്നും വ്യത്യസ്തമായി കൈയില്‍ എയര്ഗണ്ണെടുത്തതാണ് കേസിന് വഴിവെച്ചത്. തന്റെ കുട്ടികളെ ആക്രമിക്കാന്‍ വരുന്ന തെരുവുപട്ടികളെ വെടിവച്ചുകൊല്ലുമെന്ന് സമീര്‍ വിളിച്ചുപറയുന്നതും വീഡിയോയില്‍ റിക്കാര്‍ഡ് ചെയ്യപ്പെട്ടിരുന്നു.
ഇത് കുഴപ്പമാകുമെന്ന് മനസിലായതോടെ പട്ടികളെ കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പട്ടികള്‍ വന്നാല്‍ എയര്‍ഗണ്‍ കൊണ്ട് വെടിവച്ച് ശബ്ദമുണ്ടാക്കി തുരത്താനാണ് ഉദ്ദേശിച്ചതെന്നും പിന്നീട് സമീര്‍ വിശദീകരിച്ചിരുന്നു.
കഴിഞ്ഞദിവസം ഈ സ്ഥലത്ത് ആറുവയസുകാരനെ തെരുവുനായകള്‍ വളഞ്ഞിട്ടാക്രമിച്ചിരുന്നു. കുട്ടിയെ കടിച്ചുകീറാന്‍ തുടങ്ങിയ തെരുവുനായ്ക്കളിലൊന്നിനെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു.
കടിയേറ്റ ബാലന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ആണ്‍കുട്ടിയുടെ അവസ്ഥ ഇതാണെങ്കില്‍ ഓടാന്‍പോലും കഴിയാത്ത യൂണിഫോമിലുള്ള പെണ്‍കുട്ടികളുടെ ഗതി എന്താവുമെന്ന ആശങ്ക മൂലമാണ് സമീര്‍ അകമ്പടിക്കാരനായത്.
ഇനി ആണ്പിള്ളേരെ ഒറ്റയ്ക്കു കിട്ടിയാല്‍ പട്ടി കടിക്കേണ്ടെന്നു കരുതി അവരെയും ഒപ്പംകൂട്ടി. കഴിഞ്ഞ കോവിഡ് കാലത്ത് നിരവധി സാമൂഹികസേവന പ്രവര്‍ത്തനങ്ങളിലൂടെയും സമീര്‍ ശ്രദ്ധേയനായിരുന്നു.