കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിക്കു മുന്പിൽ ദേശീയപാതയിലെ സീബ്രാലൈൻ കടക്കുന്നത് പേടിയോടെ. ദിവസേന ആശുപത്രിയിലെത്തുന്ന കുട്ടികളുൾപ്പെടുന്ന അനവധി രോഗികളും, അവരുടെ സഹായികളും, സമീപ സ്കൂളുകളിലെ വിദ്യാർഥികളും റോഡിന്റെ മറുപുറത്തെത്തുന്നത് ജീവൻ പണയംവച്ചാണ്.
പാഞ്ഞെത്തുന്ന വാഹനങ്ങൾ മിക്കപ്പോഴും കാൽനടക്കാരെ ഗൗനിക്കാറില്ല. സ്ത്രീകൾ കുട്ടികളെയുമായി സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്പോൾ നേർറോഡിലൂടെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ഹോണ്‍ അടിച്ച് ഇവരെ ഭയപ്പെടുത്താറുണ്ടെന്നും സമീപത്തെ വ്യാപാരികൾ പറയുന്നു.
മുൻ മുഖ്യമന്ത്രി വി.എസ.് അച്യുതാനന്ദന്റെ ഭരണകാലത്ത് സുതാര്യകേരളത്തിൽ പരാതി ലഭിച്ചതിനെത്തുടർന്ന് ഇവിടെ ഗതാഗത നിയന്ത്രണത്തിനായി ഒരു പോലീസുദ്യോഗസ്ഥനെ നിയോഗിച്ചിരുന്നു. പിന്നീട് ഹോംഗാർഡിന്റെ മികച്ച സേവനവും ലഭ്യമായിരുന്നു.
എന്നാൽ, ഇപ്പോൾ ഇവിടെ ട്രാഫിക് നിയന്ത്രണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി ആരുമില്ലാത്ത സ്ഥിതിയാണ്. പൊൻകുന്നം പോലീസ് സ്റ്റേഷന്റെ അധികാര പരിധിയിൽ വരുന്ന ഇവിടെ അടിയന്തരമായും ട്രാഫിക് ഡ്യൂട്ടിക്ക് ആളെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായി.