കോഴിക്കോട്: സീബ്രാലൈനിലുള്പ്പെടെ ശ്രദ്ധിച്ച് വാഹന മോടിച്ചില്ലെങ്കില് പണി കിട്ടുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് വകുപ്പിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. കര്‍ശന പരിശോധന നടത്തി തെറ്റ് ഡ്രൈവറുടെ ഭാഗത്താണെന്ന് ബോധ്യപ്പെട്ടാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനുള്ള പച്ചക്കൊടിയാണ് മന്ത്രിതലത്തില്‍ ലഭിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞദിവസം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്ക് ബസിടിച്ച് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. വടകര ബീച്ചിലെ വണ്ണാറത്ത് വീട്ടില്‍ മുഹമ്മദ് ഫുറൈസ് ഖിലാബിന്റെ (24) ലൈസന്‍സാണ് റദ്ദാക്കിയത്.
മടപ്പള്ളി ഗവ. കോളജ് സ്റ്റോപ്പില്‍ സീബ്ര വരയിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്കായിരുന്നു ബസിടിച്ച് പരിക്കേറ്റത്. വളരെ ശ്രദ്ധിച്ച് സീബ്രാലൈനിലുടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ഥിനികളെയാണ് ബസ് ഇടിച്ചു തെറിപ്പിച്ചത്.
സംഭവത്തില്‍ വടകര ആര്‍ടിഒ ഡ്രൈവറെ വിളിപ്പിച്ച് ഹിയറിംഗ് നടത്തിയിരുന്നു. ഇതിനുശേഷമാണ് ഡ്രൈവറുടെ എല്ലാ ഡ്രൈവിംഗ് ലൈസന്‍സുകളും റദ്ദാക്കിയത്. ആജീവനാന്ത കാലത്തേക്കാണ് നടപടി.