പൊൻകുന്നം: സീബ്രാ ലൈനിലെ ഇരുമ്പുകുറ്റി വഴിയാത്രികർക്ക് ഭീഷിണിയാകുന്നു.പൊൻകുന്നത്ത് ദേശീയപാത 183 ൽ നിന്ന് സംസ്ഥാനപാതയിലെ മണിമല റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്തെ സീബ്രാ ലൈനിലാണ് ഇരുമ്പു കുറ്റിയുള്ളത്.
സീബ്രാ ലൈനിൽ തടസമായി നിന്നിരുന്ന ദിശാ ബോർഡ് ചുവട് മുറിച്ച് മാറ്റിയതിന്റെ അവശിഷ്ടഭാഗമാണിത്. കഴിഞ്ഞദിവസം റോഡ് മുറിച്ച് കടക്കുന്നതിനിടെ വസ്ത്രം കുറ്റിയിൽ ഉടക്കി വീട്ടമ്മതട്ടിവീഴുകയും പരിക്കേൽക്കുകയും സാരി കീറുകയും ചെയ്തിരുന്നു.
മറ്റു പലർക്കും പരിക്കേറ്റതായും പരാതിയുണ്ട്. സ്ത്രീകളും വിദ്യാർഥികളുമുൾപ്പടെ നിരവധിയാളുകളാണ് ഇതു വഴി കടന്നുപോകുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സീബ്രാ ലൈനിലെ ഇരുമ്പുകുറ്റി എത്രയും വേഗം നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.