കറുന്പിപ്പശുവിന് പെയിന്റടിച്ച് വെള്ളപ്പൂവാലിപ്പശുവാക്കുന്നത് സിനിമയിൽ കണ്ടിട്ടുണ്ടാകും. എന്നാൽ അതിലുംവലിയ തട്ടിപ്പ് ജീവിതത്തിൽ പയറ്റിയിരിക്കുകയാണ് ഈജിപ്തിലെ ഒരു മൃഗശാല അധികൃതർ.
കഴുതയ്ക്ക് പെയിന്റടിച്ച് വരയൻകുതിരയായി പ്രദർശിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. കയ്റോയിൽ പുതുതായി ആരംഭിച്ച കയ്റോസ് ഇന്റർനാഷണൽ ഗാർഡൻ മുനിസിപ്പൽ പാർക്കിലാണ് സംഭവം. വിയർപ്പിൽ “വരയൻ കുതിര’യുടെ മുഖത്തെ വരകൾ മങ്ങുന്നതു ശ്രദ്ധയിൽപ്പെട്ട ഒരു വിദ്യാർഥി അതിന്റെ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.
ഈ ചിത്രം വിവാദമായതോടെ വിശദീകരണവുമായി മൃഗശാല അധികൃതർ രംഗത്തെത്തി. തങ്ങളുടെ പാർക്കിൽ വരയൻ കുതിരയില്ലെന്നും തെറ്റിദ്ധാരണയുണ്ടാക്കിയ ജീവനക്കാർക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്നും അവർ പ്രസ്താനവനയിൽ അറിയിച്ചു.
2009 ൽ ഗാസയിലും സമാനരീതിയിലുള്ള തട്ടിപ്പ് നടന്നിരുന്നു. പട്ടിണികിടന്ന് രണ്ടു വരയൻ കുതിരകൾ ചത്തതു മറച്ചുവയ്ക്കാൻ രണ്ടു കഴുതകളെ വരയൻ കുതിരയാക്കുകയായിരുന്നു അന്നത്തെ തട്ടിപ്പ്.