കൊച്ചി: സീബ്രാലൈനുകളില്‍ പ്രഥമ പരിഗണന കാല്‍നടയാത്രക്കാര്‍ക്കാണെന്നും ഇവിടെ അപകടമുണ്ടായാല്‍ ഉത്തരവാദിത്വം അപകടമുണ്ടാക്കിയ വാഹത്തിന്റെ ഡ്രൈവര്ക്കായിരിക്കുമെന്നും ഹൈക്കോടതി.
പ്രധാന റോഡുകളിലെല്ലാം കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ കഴിയുന്ന തരത്തില്‍ സീബ്രാ ലൈനുകള്‍ കൃത്യമായി അടയാളപ്പെടുത്തണമെന്ന് നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഇതു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രധാന ചുമതലയാണെന്നും വ്യക്തമാക്കി.
കണ്ണൂര്‍ ചെറുകരയില്‍ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കോഴിക്കോടു സ്വദേശിനി ഡൊറീന റോള മെന്ഡെന്സ (50) പോലീസ് ജീപ്പിടിച്ചു മരിച്ച സംഭവത്തില്‍ ആശ്രിതര്‍ക്ക് 48.32 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന തലശേരി എംഎസിടിയുടെ വിധിക്കെതിരെ സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പു നല്കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്.
ജംഗ്ഷനുകളിലും സീബ്ര ലൈനുള്ള ഭാഗത്തും വാഹനങ്ങളുടെ വേഗം കുറയ്ക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് നിയമപരമായി ബാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിധിയുടെ പകര്‍പ്പ് ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, പൊതുമരാമത്ത് വകുപ്പു സെക്രട്ടറി, ദേശീയപാത അഥോറിറ്റി എന്നിവര്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. തുടര്‍ റിപ്പോര്‍ട്ടിനായി മാര്‍ച്ച് 10നു ഹര്‍ജി വീണ്ടും പരിഗണിക്കും.
എല്‍പി സ്കൂള്‍ പ്രധാനാധ്യാപികയായിരുന്ന ഡൊറീന 2015 ഫെബ്രുവരി 10നാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ അശ്രദ്ധയോടെ റോഡ് മുറിച്ചു കടന്നതാണ് അപകടകാരണമെന്നും ഇതു കണക്കിലെടുക്കാതെയാണ് ട്രൈബ്യൂണല്‍ നഷ്ടപരിഹാരത്തുക നിശ്ചയിച്ചതെന്നും സര്‍ക്കാര്‍ വാദിച്ചു.
എന്നാല്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായതെന്നും ഇവിടെ വാഹനം നിര്‍ത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്യണമെന്ന് നിയമമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.