ആലപ്പുഴ: സ്കൂൾ തുറക്കാൻ ഒരു ദിനം മാത്രം അവശേഷിക്കെ കുട്ടികളുടെ സുരക്ഷിതയാത്രയ്ക്കു വേണ്ട നടപടികൾ ഒന്നുമായില്ല. വിദ്യാർഥികൾക്കും മറ്റും റോഡ് മുറിച്ചുകടക്കാൻ പല സ്ഥലങ്ങളിലും സീബ്രാ ലൈനുകൾ വരച്ചിട്ടില്ല. ദേശീയപാതയിൽ തിരക്കേറിയ തുന്പോളി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന മാതാ സീനിയർ സെക്കൻഡറി സ്കൂൾ, ജനറൽ ആശുപത്രിക്കു സമീപം സ്ഥിതി ചെയ്യുന്ന ഗവ. ഗേൾസ് എച്ച്എസ്, ടിഡി എച്ച്എസ് തുടങ്ങിയ സ്കൂളുകൾക്കുമുന്പിലാണ് റോഡുകൾ പുനർനിർമിച്ചപ്പോൾ സീബ്രാലൈനുകൾ വരയ്ക്കാത്തത്.
ഇവിടങ്ങളിൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്കു പരിക്കേൽക്കുകയും മരണം സംഭവിക്കുകയും ചെയ്ത അപകടങ്ങൾ മുന്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതു കൂടാതെ മഴക്കാലം ആരംഭിച്ചതോടെ റോഡിൽ പലഭാഗത്തും കുഴികൾ രൂപപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കുഴി അടച്ച ഭാഗങ്ങളിൽ മഴ പെയ്തതോടെ വീണ്ടും കുഴികൾ രൂപപ്പെട്ടു കഴിഞ്ഞു. നഗരത്തിൽ പലഭാഗത്തെയും കാണകൾ പൊട്ടിപ്പോളിഞ്ഞു കിടക്കുന്നതും അപകടസാധ്യത വർധിക്കുന്നു. മഴ പെയ്തതോടെ കാണയിലെ മലിനജലം റോഡിലേക്കു പൊട്ടിയൊഴുകുന്നതു ദുർഗന്ധം പരത്തുന്നു.
ഫുട്പാത്ത് കൈയേറിയുള്ള കച്ചവടം ഇപ്പോൾ വ്യാപകമാണ്. പലയിടത്തും വിദ്യാർഥികൾക്കു സ്കൂളിലേക്കു കയറാൻ പറ്റാത്ത രീതിയിലാണ് വഴിയോരകച്ചവടവും അനധികൃത വാഹനപാർക്കിംഗും. ജൂണ് ഒന്നിനു സ്കൂൾ തുറക്കുന്നതോടെ റോഡിലെ തിരക്ക് ക്രമാതീതമാകും.
നഗരത്തിൽ ഇപ്പോൾ തുടരുന്ന ഗതാഗതനിയന്ത്രണ സംവിധാനം ഒട്ടേറെ ആക്ഷേപങ്ങൾക്കിടയാക്കുന്നുണ്ടെങ്കിലും ഇപ്പോഴും അതേ രീതിയാണ് തുടരുന്നത്. നഗരത്തിൽ പ്രധാന ജംഗ്ഷനിൽ കയർകെട്ടിയാണ് ട്രാഫിക് നിയന്ത്രണം നടക്കുന്നത്.
ഇതിനു സമീപം കാണയ്ക്കു മുകളിലൂടെയാണ് ആളുകൾ സഞ്ചരിക്കുന്നത്. കാണയുടെ മൂടി പലയിടത്തും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. കണ്ണൊന്നു തെറ്റിയാൽ കാണയ്ക്കുള്ളിൽ പോകുന്ന അവസ്ഥയാണ്. വിദ്യാർഥികൾ ഉൾപ്പെട നിരവധിപേരാണ് ഈ കാണയ്ക്കു മുകളിലൂടെ ദിവസവും യാത്ര ചെയ്യുന്നത്. എന്നിട്ടും അധികൃതർ കണ്ണടയ്ക്കുകയാണ്.