പുതുക്കാട് : അപകടങ്ങൾ പതിവായ പുതുക്കാട് സിഗ്നൽ ജംഗ്ഷനിൽ സീബ്രാലൈൻ വരച്ച് കോൺഗ്രസ് പ്രവർത്തകർ. മാസങ്ങളോളമായി പാതയിൽ സീബ്രൈലൻ ഇല്ലായിരുന്നു.
ദേശീയപാത അഥോറിറ്റിക്കും ടോൾ കന്പനിക്കും നിരവധി തവണ പരാതി നൽകിയെങ്കിലും അധികൃതർ മൗനം പാലിക്കുകയായിരുന്നു.
സിഗ്നൽ തെറ്റിച്ചുവരുന്ന വാഹനങ്ങൾക്കിടയിലൂടെയാണ് ആളുകൾ ജീവൻ പണയപ്പെടുത്തി റോഡ് മുറിച്ചുകടന്നിരുന്നത്. വിദ്യാർഥികളുടെയും വയോജനങ്ങളുടെയും ദുരിതം മനസിലാക്കിയ കോൺഗ്രസ് പ്രവർത്തകർ സീബ്രാലൈൻ വരയ്ക്കുകയായിരുന്നു.
ഡിസിസി സെക്രട്ടറിയും വാർഡ് മെന്പറുമായ സെബി കൊടിയന്റെ നേതൃത്വത്തിലാണു പ്രവർത്തകർ സീബ്രൈലൻ വരച്ചത്.
കോൺഗ്രസ്- യൂത്ത് കോൺഗ്രസ് ഭാരവാഹികളായ പി.പി. ചന്ദ്രൻ, സച്ചിൻ ഷാജു, സിജു ആന്റണി, സിന്റോ ആന്റണി, ജോബി മധുരക്കറി, ഇസാക്ക് കുറ്റിക്കാടൻ, ഷെറിൻ ഷാജു, ആൽഡ്രിന്റാഫി, ആസ്റ്റൽ ജോയ്, കെ.വി. ആഷിക്, പി.സി. ജയൻ എന്നിവരും പങ്കാളികളായി.