കളമശേരി: കൊച്ചി തുറമുഖത്തേയും വിമാനത്താവളത്തേയും പരസ്പരം ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട സീപോർട്ട്-എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ടം തുടങ്ങിയിട്ട് 17 വർഷമായെങ്കിലും പദ്ധതി പാതി വഴിയിൽ തന്നെ. പദ്ധതി പ്രദേശത്തെ സ്ഥലങ്ങൾ വിട്ടുകിട്ടാത്തതും പണം ഇല്ലാത്തതുമാണ് പദ്ധതി നീളാൻ കാരണം. രണ്ടാം ഘട്ടത്തിൽ നിർമിക്കേണ്ട എച്ച്എംടി മുതൽ നെടുമ്പാശേരി വിമാനത്താവളം വരെയുള്ള 14.4 കിലോമീറ്റർ റോഡിനെയാണ് ഇത് ബാധിച്ചിരിക്കുന്നത്.
ദേശീയ പാതയ്ക്ക് സമാന്തരമായി തൃപ്പൂണിത്തുറ ഇരുമ്പനം മുതൽ നെടുമ്പാശേരി വിമാനത്താവളം വരെയുള്ള 25.7 കിലോമീറ്ററാണു നിർദിഷ്ട സീ പോർട്ട്-എയർ പോർട്ട് റോഡ്. വിശാലകൊച്ചിയുടെ വ്യവസായ, വാണിജ്യ ലോകത്തിന് ആക്കം കൂട്ടാനായാണ് പദ്ധതി വിഭാവനം ചെയ്തത്. ആദ്യഘട്ടമായ ഇരുമ്പനം മുതൽ എച്ച്എംടി വരെയുള്ള 11.3 കിലോമീറ്റർ റോഡ് ഒന്നാംഘട്ടത്തിൽ 2002ലാണ് പൂർത്തിയായത്. പക്ഷെ ബാക്കി റോഡ് പൂർത്തിയാക്കണമെങ്കിൽ കേന്ദ്ര സർക്കാരിന് കീഴിലുള്ള കളമശേരി എച്ച്എംടി, ആയുധശേഖരണശാല (എൻഎഡി ) എന്നീ സ്ഥാപനങ്ങൾ സ്ഥലം വിട്ടുകൊടുക്കണം.
രണ്ടാം ഘട്ടത്തിലെ 14.4 കിലോമീറ്റർ റോഡിൽ 2.7 കിലോമീറ്റർ ആയപ്പോഴേക്കും എൻഎഡി റോഡിന് സമീപമെത്തി പദ്ധതി നിലച്ചിരിക്കുകയാണ്. കല്ലായിത്തുരുത്ത് വരെയുള്ള 2.7 കിലോമീറ്റർ സ്ഥലം ഏറ്റെടുത്തെങ്കിലും എച്ച്എംടി മേഖലയിൽ റോഡ് നിർമാണം നടന്നിട്ടില്ല. ഇത്രയും ദൂരം റോഡ് നിർമിക്കുന്നതിന് 140 കോടി രൂപയാണു സർക്കാർ അനുവദിച്ചത്. ഇതിൽ 98.7 കോടി സ്ഥലമേറ്റെടുക്കലിനാണ്. 125 ഭൂവുടമകളിൽനിന്ന് 10 ഹെക്ടർ ഭൂമി ഏറ്റെടുത്തു. റോഡ് നിർമാണത്തിന് 38.95 കോടി രൂപയാണ് നീക്കിവച്ചത്.
ഇതു കൂടാതെ കല്ലായിത്തുരുത്തിൽ നിന്ന് മഹിളാലയം പാലം വഴി നെടുമ്പാശേരി എത്തേണ്ട റോഡിലേക്ക് വേണ്ട സ്ഥലവും ഇനി ഏറ്റെടുക്കാനുണ്ട്. ഇതിൽ എൻഎഡിയുടെ സ്ഥലവും പെടുന്നുണ്ട്. അതായത് എൻഎഡിയുടെ അനുവാദം കിട്ടിയാലും 11.7 കിലോമീറ്ററിൽ മഹിളാലയം വരെ സ്ഥലം ഇനിയും ഏറ്റെടുക്കാനുണ്ട്. എൻഎഡി യുടെ 2.74 ഹെക്ടറും എച്ച്എംടി യുടെ 1.63 സ്ഥലവുമാണ് വിട്ടുകിട്ടാനുള്ളത്.
കല്ലും മണലും കിട്ടുന്നില്ലെന്ന പരാതിയിൽ നിർമാണം കളമശേരിയിൽ ഇടയ്ക്കിടയ്ക്ക് തടസപ്പെട്ടു. കല്ലായിത്തുരുത്തിൽ കഴിഞ്ഞ മാസമാണ് ഏറ്റെടുത്ത ഭൂമിയിലെ കാടുകൾ വെട്ടിക്കളഞ്ഞത്. ഇവിടെ നിന്ന് മുന്നോട്ടേയ്ക്ക് പോകണമെങ്കിൽ ഇനി എൻഎഡി കനിയണം. ആലുവ മഹിളാലയം ജംഗ്ഷൻ വരെ ഭൂമി ഏറ്റെടുക്കുന്നതിനു മാത്രം ഇനിയും 75 കോടിയോളം രൂപ വേണം. 50 കോടി രൂപ ഇത്തവണത്തെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും മതിയാകില്ല.
കളമശേരി എൻഎഡി മുതൽ ആലുവ മഹിളാലയം വരെ റോഡിനുള്ള സ്ഥലമെടുപ്പു നടപടികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. ഏറ്റെടുക്കാനുള്ള സ്ഥലങ്ങൾ കുറ്റിയടിച്ചു തിരിച്ചിട്ടും ഇരുപത് വർഷം ആകാൻ പോകുന്നു.
ഇനി കിഫ്ബിയിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തീകരിക്കുമെന്നാണ് സർക്കാരിന്റെ വാഗ്ദാനം. കുറഞ്ഞത് മൂന്ന് വർഷം കൂടി വരുമെന്നതിനാൽ കേരളത്തിലെ ഏറ്റവും കാലദൈർഘ്യമുള്ള റോഡ് പദ്ധതിയെന്ന റിക്കോർഡ് സീപോർട്ട്-എയർപോർട്ട് റോഡ് നേടുമെന്നുറപ്പ്.്