അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ വെല്ലുവിളിച്ച് യുഎസ് വധിച്ച ഖുദ് സേന തലവന്‍ ഖാസിം സുലൈമാനിയുടെ മകള്‍ സൈനബ് സുലൈമാനി. പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു ആയിരങ്ങളെ സാക്ഷിയാക്കി യുഎസിനെതിരായ സൈനബിന്റെ ഭീഷണി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഭീരു എന്നാണ് സൈനബ് വിശേഷിപ്പിച്ചത്. ”പിതാവിന്റെ മരണം ഞങ്ങളെ തകര്‍ക്കില്ല. മുഖാമുഖം നിന്നു പോരാടാതെ ദൂരെ നിന്നു മിസൈല്‍ അയച്ച ട്രംപ് ഭീരുവാണ്.ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുല്ല ഇതിന് പ്രതികാരം ചെയ്യുമെന്ന് എനിക്കുറപ്പാണ്”,
സൈനബ് സുലൈമാനിയുടെ പ്രസംഗം ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ തത്സമയം സംപ്രേഷണം ചെയ്തു. ആര്‍പ്പുവിളികളോടെയും ഇറാന്‍ പതാക ഉയര്‍ത്തി പിടിച്ചുമായിരുന്നു സൈനബിന്റെ വാക്കുകളെ ആയിരങ്ങള്‍ സ്വാഗതം ചെയ്തത്.”പശ്ചിമേഷ്യയിലെ അമേരിക്കന്‍ പട്ടാളക്കാരുടെ കുടുംബങ്ങള്‍ അറിയാന്‍… സിറിയ, ലെബനന്‍, അഫ്ഗാനിസ്ഥാന്‍ യെമന്‍, പാലസ്തീന്‍ എന്നീ രാജ്യങ്ങളില്‍ ആരൊക്കെയാണോ അമേരിക്കയുടെ ക്രൂരമായ യുദ്ധങ്ങള്‍ക്ക് കൂട്ടുനിന്നത് അവരുടെ കുടുംബങ്ങള്‍ കാത്തിരിക്കണം. മക്കളുടെ മരണ വാര്‍ത്ത അധികം വൈകാതെ നിങ്ങളെ തേടിയെത്തും. പിതാവിന്റെ മരണത്തോടെ എല്ലാം അവസാനിച്ചു എന്ന് യുഎസ് കരുതരുത്”, സൈനബ് പറഞ്ഞു.