കോഴിക്കോട്: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സിറ്റി പോലീസിന്റെ സീറോ അവര്‍ കാമ്പയിന് ഇന്ന് തുടക്കം. നഗരപരിധിയില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ കാരണമുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സിറ്റി പോലീസ് കമ്മീഷണര്‍ കെ.സഞ്ജയ്കുമാര്‍ ഗുരുഡിന്റെ നിര്‍ദേശപ്രകാരം ഒരുമണിക്കൂര്‍ സീറോ അവര്‍ നടത്താന്‍ തീരുമാനിച്ചത്.
ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനു പകരം നിയമങ്ങള്‍ പാലിക്കുന്നതിന് പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് സീറോ അവറിന്റെ ലക്ഷ്യം. ഓരോ ദിവസവും ഓരോരോ സമയങ്ങളിലായാണ് സീറോ അവര്‍ നടത്തുക. ഈ സമയങ്ങളില്‍ നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴഈടാക്കില്ല. പകരം ബോധവത്കരണ ക്ലാസ് നല്‍കും. രണ്ടുമണിക്കൂറാണ് ക്ലാസ്.
സിറ്റി ട്രാഫിക് പോലീസുദ്യോഗസ്ഥര്‍ ക്ലാസുകള്‍ നയിക്കും. നിയമം ലംഘിക്കുന്നവരെ ക്ലാസുകളില്‍ എത്തേണ്ട ദിവസം പോലീസ് അറിയിക്കും. സീറോ അവറിനിടെ വാഹനത്തിന്റെ രേഖകളും പരിശോധിക്കില്ല. ലോക്കല്സ്റ്റേഷനുകളില് നിന്നും ട്രാഫിക് പോലീസില്‍ നിന്നും 40-50 അംഗങ്ങളുടെ സ്ക്വാഡുകളായാണ് പരിശോധന നടത്തുക.
കമ്മീഷണര്‍, അസി.കമ്മീഷണര്‍, സിഐ എസ്ഐ എന്നീ റാങ്കുകളിലുള്ള പോലീസുദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം കോഴിക്കോട് സിറ്റിയില്‍ മാത്രം 154 പേര്‍ക്കാണ് റോഡപകടങ്ങളില്‍ ജീവന് നഷ്ടമായത്. 1423 വാഹനാപകടങ്ങളാണ് സിറ്റിയില്‍ നടന്നത്. ഇതില്‍ 1552 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
മരിച്ച 154 പേരില്‍ കൂടുതലും ഇരുചക്രവാഹന യാത്രികരായിരുന്നു. ഈ സാഹചര്യത്തില്‍ ഇരുചക്രവാഹനവുമായി വരുന്ന യാത്രികര്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടോയെന്നത് കര്‍ശനമായി നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച കാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് 25 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷണര്‍ എസ്എച്ച്ഒമാര്‍ക്ക് നിര്‍ദേശം നല്കി.