പീറ്റർ ഏഴിമല
കേരളത്തെ നടുക്കിയ ക്രൂരമായ മറ്റൊരു കൊലപാതകം കൂടി ചലച്ചിത്രമാകുന്നു. വിവാഹമോചനത്തിന് വഴിവെച്ച പ്രണയവും കാമുകനോടുള്ള പ്രതികാരത്തില്‍ അയാളെ താന്‍ പഠിച്ച വൈദ്യശാസ്ത്രത്തിലെ അറിവുകള്‍ ഉപയോഗിച്ച് ക്രൂരമായി കൊലചെയ്ത് സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമവും, ഇതിനിടയില്‍ പിടിക്കപ്പെട്ടപ്പോള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത പയ്യന്നൂരിലെ ഡോ. ഓമനയുടെ കഥയാണ് ചലച്ചിത്രമാകുന്നത്.
സുകുമാരക്കുറുപ്പിന്റെ ജീവിതം സിനിമയായ ”കുറുപ്പി’ ന്റെ വിജയത്തിന് പിന്നാലെയാണ് 26 വര്‍ഷം മുമ്പുനടന്ന നാടിനെ നടുക്കിയ കൊലപാതകവും അതിലേക്ക് നയിച്ച പിന്നാമ്പുറകഥകളുമാണ് സിനിമയായി പ്രേക്ഷകരിലേക്കെത്തുന്നത്.
മൈനത്തരുവിയും കുറുപ്പും പിന്നെ സീറോ ഡിഗ്രിയും
1966 ജൂണ്‍ 16ന് പത്തംതിട്ട റാന്നി മാടത്തരുവിക്ക് സമീപം മറിയക്കുട്ടിയെന്ന നാല്പ്പത്തിമൂന്നുകാരി കൊലചെയ്യപ്പെട്ടിരുന്നു.
ഈ കൊലപാതകത്തെ ആസ്പദമാക്കി പിന്നീട് മാടത്തരുവി, മൈനത്തരുവി എന്നീ പേരുകളില്‍ രണ്ടുസിനിമകള്‍ ഇറങ്ങി. ഇതില്‍ എറെ ശ്രദ്ധേയമായത് കുഞ്ചാക്കോ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച മൈനത്തരുവിയായിരുന്നു.
ഇതിനുശേഷം പ്രമാദമായ പല കൊലപാതകങ്ങളുടേയും സംഭവങ്ങളുടേയും പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച നിരവധി സിനിമകള്‍ അഭ്രപാളികളില്‍ നിഴലുകളും വെളിച്ചവും തീര്‍ത്ത് കടന്നുപോയെങ്കിലും ഇക്കാലത്തിനിടയില്‍ ചര്‍ച്ചയായത് “കുറുപ്പ്’ എന്ന സിനിമയാണ്.
ചാക്കോയെന്നയാളെ കൊലപ്പെടുത്തി താന്‍ മരിച്ചെന്ന് വരുത്തിത്തീര്‍ക്കുന്നതിലൂടെ ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനുള്ള കുടില തന്ത്രങ്ങള്‍ നടപ്പാക്കുകയും പിന്നീട് കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായി മാറുകയും ചെയ്ത സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്തത്.
കേരളമൊന്നാകെ ചര്‍ച്ച ചെയ്ത കുപ്രസിദ്ധനായ സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ നായക കഥാപാത്രമായി എത്തിയത്.
ഈ ചിത്രത്തെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച മലയാളികള്‍ക്ക് മുന്നിലേക്കാണ് ലാവണ്യവതിയായ യുവതിയായും ഭാര്യയായും പ്രണയം ദാമ്പത്യം നഷ്ടപ്പെടുത്തിയതോടെ കാമുകിയായും വഞ്ചിക്കപ്പെട്ടുവെന്ന തോന്നലില്‍ പ്രതികാര ദുര്‍ഗയായും, ഒടുവില്‍ ഇന്റർപോള്‍ ഉദ്യോഗസ്ഥരേപ്പോലും വെള്ളം കുടിപ്പിച്ച തന്ത്രശാലിയായും ഓമനയെത്തുന്നത്.
യസ്ബി പ്രൊഡക്ഷൻസിന്റെ ബാനറില്‍ നവാഗത സംവിധായകന് സുജിത് ബാലകൃഷ്ണനാണ് സീറോ ഡിഗ്രിയെന്ന പേരില്‍ ഓമനക്കഥ സിനിമയാക്കുന്നത്.
ഊട്ടി, ബീഹാര്‍, കേരളം എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ ജനങ്ങള്‍ കേട്ടറിഞ്ഞ സംഭവങ്ങളെ അതേപടി പകര്‍ത്താതെ വിട്ടുപോയ ചില കണ്ണികള്‍ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നതെന്ന് സംവിധായകന് പറയുമ്പോള്‍ , പ്രേക്ഷകരുടെ ആകാംക്ഷ വര്‍ദ്ധിക്കുകയാണ്.
കാമവും ക്രോധവും പ്രതികാരവുമുള്പ്പെടെ കേട്ടറിഞ്ഞ സംഭവങ്ങള്‍തന്നെ സിരകളെ മരവിപ്പിക്കുമ്പോള്‍ അതിപ്പുറമുള്ള പൊടിക്കൈയ്കള്‍ കൂടിയാകുമ്പോള്‍ ഇതുവരെ കാണാത്ത ക്രൈംത്രില്ലറായി ഈചിത്രം മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇതോടെയാണ് സംഭവബഹുലവും ഇരുപത്താറ് വര്‍ഷം മുമ്പുനടന്ന കേട്ടുകേള്‍വിപോലുമില്ലാത്ത അരുംകൊല വീണ്ടും ചര്‍ച്ചയാവുന്നത്.
ഓമനയുടെ മൊഴി
കൊല്ലം സ്വദേശിയായ ശിശുരോഗ വിദഗ്ധന്റെ ഭാര്യയായിരുന്നു പയ്യന്നൂരിലെ നേത്രരോഗ വിദഗ്ദയായ ഡോ. ഓമന.
ഓമനയുടെ ദാമ്പത്യത്തിനിടയിലായിരുന്നു പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയും കരാറുകാരനുമായ കെ.എം. മുരളീധരനമായുള്ള അടുപ്പവും.
അയാള്‍ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചത് കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് ഓമന പോലീസിന് നല്കിയ മൊഴി.
മുരളീധരന് അപവാദങ്ങള്‍ പറഞ്ഞ് പ്രചരിപ്പിച്ചതോടെ ഭര്‍ത്താവ് വിവാഹമോചനം നേടി. പിന്നീട് ഓമന നാട്ടില്‍ നിന്ന് മലേഷ്യയിലേക്ക് പോയിട്ടും മുരളീധരന് വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നതായും ഓമന മൊഴി നല്‍കിയിരുന്നു.
തന്റെ കുടുംബം തകര്‍ക്കുകയും തനിക്ക് ശല്യവുമായി മാറിയ മുരളീധരനെ ഞാന്‍ കൊന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്.
1996ജൂലൈ 11ന് സംഭവിച്ചത്
ഭര്‍ത്താവില്‍നിന്നും വിവാഹമോചനം നേടിയശേഷം മലേഷ്യയിലായിരുന്ന നാല്പ്പത്തിമൂന്നുകാരി ഡോ. ഓമന കൊലപാതകത്തിന് ഒരാഴ്ചമുമ്പാണ് നാട്ടില്‍ എത്തിയത്.
മുരളീധരനെ വകവരുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഓമന വന്നതെന്നാണ് പോലീസ് കരുതുന്നത്. വിവാഹത്തിന് താന്‍ തയാറാണെന്ന് തിരുവനന്തപുരത്തായിരുന്ന മുരളീധരനെ ഫോണിലൂടെ വിളിച്ചറിയിക്കുകയും ഇതേതുടര്ന്നെത്തിയ ഇയാളെ വിനോദയാത്രക്കെന്നു പറഞ്ഞ് 1996 ജൂലൈ 11 ന് ഊട്ടിയിലേക്ക് കോണ്ടുപോവുകയുമായിരുന്നു.
ഊട്ടി റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറിയില്‍നിന്നും മുരളീധരന് വിഷം കുത്തിവെച്ച ശേഷം അടുത്തുള്ള ലോഡ്ജില്‍ മുറിയെടുക്കുന്നു.
ഇവിടെവെച്ച് രക്തം കട്ടപിടിക്കാനുള്ള ഇഞ്ചക്ഷനും നല്കുന്നു. അബോധാവസ്ഥയിലായ മുരളീധരനെ ലോഡ്ജ് മുറിയില്‍ പ്രത്യേക സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന രീതിയില്‍ ഇരുപതു കഷ്ണങ്ങളായാണ് ശരീരം മുറിച്ചത്.
ശരീരത്തിലെ ചര്‍മ്മം മുഴുവന്‍ നീക്കം ചെയ്ത് ബാഗിലാക്കി. സന്ധികള്‍ മുറിച്ച് എല്ലുകള്‍ വേര്‍പ്പെടുത്തി. മാംസവും എല്ലും വേര്‍തിരിച്ച് കവറുകളിലാക്കി.
ആന്തരികാവയവങ്ങള്‍ കൊത്തി നുറുക്കി ക്ലോസറ്റില്‍ ഇട്ട് ഫ്ലഷ് ചെയ്തു. ഇതിനെല്ലാം സഹായകമായത് വൈദ്യശാസ്ത്ര പഠനകാലത്ത് ലഭിച്ച പരിശീലനവും.
പിന്നീട്, രണ്ടുപെട്ടിയിലാക്കി. മുറി കഴുകി വൃത്തിയാക്കി. പിന്നീട് മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമമായിരുന്നു.വിളിച്ചുവരുത്തിയ ടാക്സിയുടെ ഡിക്കിയില്‍ പെട്ടികള്‍ കയറ്റി.
കൊടൈക്കനാലിലെ വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നുലക്ഷ്യം. ഊട്ടിയില്‍നിന്നും കൊടൈക്കനാലിലെത്തിയെങ്കിലും അനുകൂല സാഹചര്യം കാണാത്തതിനാല്‍ മറ്റൊരു ടാക്സി വിളിച്ച് കന്യാകുമാരിയിലേക്ക് പോയി.
വാഹനത്തില്‍ നിറഞ്ഞ ദുര്‍ഗന്ധം സ്യൂട്ട് കേസില്‍ നിന്നുമാണെന്ന് ഡ്രൈവര്‍ മനസിലാക്കിയതോടെ ഓമന കാറില്‍നിന്നും ഇറങ്ങിയോടി.
ഇതുകണ്ട ഡ്രൈവര്‍ പോലീസിലും ടാക്സി സ്റ്റാൻഡിലും വിവരം അറിയിച്ചതിനെ തുടര്‍ന്ന് ദിണ്ടിഗലിൽവച്ച് പോലീസ് ഓമനയെ പിടികൂടുകയായിരുന്നു.
ഓമനയെ കണ്ടെത്താനാവാതെഇന്റർപോളും
സംഭവത്തില്‍ അറസ്റ്റിലായ ഓമനയെ മധുര സെന്‍ട്രല്‍ ജയിലിലെ വനിതകള്‍ക്കുള്ള സെല്ലിലാണ് താമസിപ്പിച്ചിരുന്നത്. 2001 ജനുവരി 21ന് ഓമന ജാമ്യത്തില്‍ പുറത്തിറങ്ങി.
എന്നാല്‍, അന്ന് പുറത്തിറങ്ങിയ ഓമനയെ പിന്നീട് കാണാന്‍ കഴിഞ്ഞില്ല. കേരള-തമിഴ്നാട് പോലീസിന്റെ അന്വേഷണത്തില്‍ ഇവര്‍ മലേഷ്യയിലേക്ക് കടന്നുവെന്ന വിവരത്തെ തുടര്‍ന്ന് കേസ് ഇന്റർപോളിന് കൈമാറുകയായിരുന്നു.
മലേഷ്യയിലെ ക്വാലാലംപൂരിലടക്കം നിരവധി സ്ഥലങ്ങളില്‍ ഓമന ഒളിവില്‍ കഴിഞ്ഞിരുന്നതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം
. ചെല്സ്റ്റിന് മേബല്‍, മുംതാസ്, ഹേമ, റോസ്മേരി, സുലേഖ, താജ്, ആമിന ബിന്‍, അബ്ദുള്ള സാറ എന്നിങ്ങനെ പല പേരുകളിലായിരുന്നു തങ്ങിയിരുന്നതെന്ന് കണ്ടെത്താനായി എന്നതൊഴിച്ചാല്‍ അന്വേഷണം വഴിമുട്ടുകയായിരുന്നു.
2017 ല്‍ മലേഷ്യയിലെ സുബാല്‍ ജായസെലേങ്കോലില്‍ കെട്ടിടത്തില്‍ നിന്നു വീണുമരിച്ച ഒരു സ്ത്രീ ഓമനയാണെന്ന സംശയത്തില്‍ അന്വേഷണം വീണ്ടും മലേഷ്യയിലേക്ക് നീണ്ടു. എന്നാല്‍, അത് ഓമനയല്ലെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണം വീണ്ടും വഴിമുട്ടി.
സംഭവം നടന്ന് 26 വര്‍ഷം കഴിയുമ്പോഴും ഓമന ജീവനോടെയുണ്ടോയെന്നുപോലും വ്യക്തതയില്ലെങ്കിലും ഈ സാഹചര്യത്തിലാണ് രണ്ടര പതിറ്റാണ്ടു മുമ്പുനടന്ന മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച കൊലപാതകം “സീറോഡിഗ്രി’ യെന്ന പേരില്‍ ചലച്ചിത്രമാകുന്നത്.