കൊല്ലം: നഗര ശുചീകരണത്തിന് മിഷൻ സീറോ വേസ്റ്റ് പദ്ധതിയുമായി റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211 രംഗത്ത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , കോട്ടയം എന്നീ അഞ്ച് റവന്യൂ ജില്ലകളിലെ 200 തദ്ദേശ സ്വംഭരണ വാർഡുകളെ പൂർണമായും മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതിയും നടപ്പാക്കുന്നതെന്ന് ക്ലബ് ഭാരവാഹികളായ കെ.എസ്.ശശികുമാർ, ജോൺ ഡാനിയേൽ, കെ.കെ.രാജീവ് എന്നിവർ അറിയിച്ചു.
കൊല്ലം നഗരത്തെ മാലിന്യമുക്തമാക്കുക, പൊതുജനങ്ങളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് ബോധവത്ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ കോർപ്പറേഷന്റെ സഹകരണത്തോടെ നാളെ രാവിലെ ആറുമുതൽ കൊല്ലം ടൗണിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തും.
റോട്ടറി ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങൾക്കും പുറമേ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാഷണൽ സർവീസ് സ്കീം, റസിഡന്റ്സ് അസോസിയേഷൻ, കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് പ്രവർത്തകർ, വിവിധ സംഘടനകൾ എന്നിവയും റോട്ടറിയുടെ ഈ യജ്ഞത്തിൽ പങ്കാളികളാകും.
കടപ്പാക്കട-ചിന്നക്കട, ചെമ്മാൻമുക്ക്-ചിന്നക്കട, ആനന്ദവല്ലീശ്വരം-ചിന്നക്കട, കൊല്ലം ബീച്ച്-ചിന്നക്കട എന്നിങ്ങനെയാണ് ശുചീകരണം നടത്തുന്നത്. ശുചീകരണ പ്രവർത്തനങ്ങൾ ഒന്പതിന് ചിന്നക്കടയിൽ സമാപിക്കും.തുടർന്ന് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി യജ്ഞത്തിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുക്കും. ജില്ലാ കളക്ടർ അബ്ദുൾ നാസർ, മേയർ വി.രാജേന്ദ്രബാബു, സിറ്റി പോലീസ് കമ്മീഷണർ പി.കെ.മധു എന്നിവർ സംബന്ധിക്കും.
കൊല്ലം ചെമ്മാൻമുക്ക് മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡ് പൂർണമായും വൃത്തിയാക്കി മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിച്ച് റോഡിന്റെ ഇരുവശങ്ങളിലും ചെടികൾ നട്ടുപിടിപ്പിച്ച് മാതൃകാ റോഡ് ആക്കാനുള്ള പ്രവർത്തനവും റോട്ടറി ഏറ്റെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇതുകൂടാതെ കൊല്ലം ബീച്ചിലും കളക്ടറേറ്റ് പരിസരം, പ്രധാന റോഡുകളുടെ വശങ്ങൾ എന്നിവിടങ്ങളിൽ ബോട്ടിൽ ബോക്സുകളും നിക്ഷേപിക്കും. കൊല്ലം റവന്യൂ ജില്ലയിൽ 100 വാർഡുകളെ മാലിന്യമുക്തമാക്കാനാണ് റോട്ടറിയുടെ പദ്ധതി.