പുനലൂർ: ഖരമാലിന്യപരിപാലനത്തിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച മാതൃകാ പ്രവർത്തനങ്ങൾ നടത്തിവരുന്ന പുനലൂരിന് സീറോ വേസ്റ്റ് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നു. നാളെ ഉച്ചയ്ക്ക് 12 ന് പ്ലാച്ചേരിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ സി മൊയ്തീൻ സീറോ വേസ്റ്റ് മുനിസിപ്പാലിറ്റി പ്രഖ്യാപനം നടത്തും. ചടങ്ങിൽ മന്ത്രി കെ രാജു അധ്യക്ഷനാകും. ഹരിതായനം ബോധവത്ക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും നൽകും.
അഴുകുന്ന മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്ക്കരിച്ചും അഴുകാത്ത പാഴ് വസ്തുക്കൾ ഹരിത കർമസേന വഴി വീടുകൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് സമാഹരിച്ചു ഫലപ്രദമായി പരിപാലിച്ചുമാണ് സീറോ വേസ്റ്റ് മുനിസിപ്പാലിറ്റിയായി മാറുന്നത്.ഖരമാലിന്യ പരിപാലനത്തിൽ സ്വച്ഛ ഭാരത് മിഷൻ -ഹരിത കേരള മിഷൻ മാർഗ്ഗരേഖകൾ കൃത്യമായി പാലിച്ചതിനാണ് സർക്കാർ പുനലൂരിനെ സീറോ വേസ്റ്റ് മുനിസിപ്പാലിറ്റിയായി പ്രഖ്യാപിക്കുന്നത്.
അഴുകുന്ന മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്ക്കരിക്കാൻ ശ്രീരാമവർമപുരം മാർക്കറ്റ്, താലൂക്ക് ആശുപത്രി, ടിബി ജംഗ്ഷൻ എന്നിവിടങ്ങളിൽ എയ്റോബിക് കമ്പോസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് സ്ഥലങ്ങളിൽക്കൂടി ഇവ സ്ഥാപിക്കും. നിലവിൽ വീടുകളിൽ പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.
127 അംഗങ്ങളുള്ള ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അഴുകാത്ത മാലിന്യങ്ങൾ ശേഖരിക്കുന്നു. 200 ലോക്കൽ കളക്ഷൻ സെന്ററുകളിലൂടെയാണ് എല്ലാ വാർഡുകളിൽ നിന്നും അജൈവമാലിന്യങ്ങൾ പ്രാഥമിക തരം തിരിക്കൽ നടത്തിയാണ് ശേഖരിച്ച് പ്ലാച്ചേരിയിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ എത്തിക്കുന്നത്.
പ്ലാസ്റ്റിക്ക് ഷ്രഡിംഗ് മെഷീനിലൂടെ തരികളാക്കി അവ റോഡ് ടാറിംഗ് മിശ്രിതത്തിൽ ഉപയോഗിക്കാൻ നൽകി വരുന്നു. ഇവിടെ ഒരു ഷ്രഡിംഗ് മെഷീൻ കൂടി സ്ഥാപിക്കാൻ അനുമതിയായി. ആവശ്യമുള്ള എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും റിംങ് കമ്പോസ്റ്റുകൾ നഗരസഭ ലഭ്യമാക്കും. 2500 രൂപയുടെ യൂണിറ്റിന് 625 രൂപ ബനിഫിഷറി ഫീസ് നൽകിയാൽ മതി. ബാക്കി തുക നഗരസഭ നൽകും ഖരമാലിന്യ പരിപാലന സർട്ടിഫിക്കറ്റ് ഉള്ള വീടുകൾക്കേ ഇനി കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ.
മാലിന്യം കത്തിക്കുന്നവർക്കും വലിച്ചെറിയുന്നവർക്കുമെതിരെ കർശന നടപടിയെടുക്കും. ഹരിത കർമ സേനയ്ക്ക് അജൈവ പാഴ്വസ്തുക്കൾ നൽകാത്തവർക്കെതിരെയും കർശന നടപടിയെടുക്കും. നാളെയുടെ കുരുന്നുകൾക്കായി നമ്മുടെനാടിനെ കാത്തു സൂക്ഷിക്കാൻ നഗരസഭ നടപ്പാക്കുന്ന ഹരിതായനം പദ്ധതിയുടെ ഭാഗമായാണ് സീറോ വേസ്റ്റ് പദ്ധതിയും നടപ്പാക്കിയത്.