കൊച്ചി: സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. തീരുമാനം വത്തിക്കാൻ അംഗീകരിച്ചു. മാർപാപ്പയുടെ അനുമതിയോടെ വിരമിക്കുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി വ്യക്തമാക്കി.
2012 ഫെബ്രുവരി 18ന് കർദിനാൾ വർക്കി വിതയത്തിലിന്റെ പിൻഗാമിയായിട്ടാണ് ജോർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ്പായി അഭിഷിക്തനാകുന്നത്. സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വർഷത്തിന് ശേഷമാണ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ പടിയിറക്കം.
കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കലിനാണ് സഭയുടെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ താല്കാലിക ചുമതല. ബിഷപ്പ് ബോസ്കോ പുത്തൂരിനാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ താൽകാലിക ചുമതല. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞു.
സഭയുടെ അജപാലന ശുശ്രൂഷ വിപുലമായതിനാലും തന്റെ ആരോഗ്യസ്ഥിതി മോശമായതിനാലും സ്ഥാനം ഒഴിയണമെന്ന താത്പര്യം 2019 ജൂലൈയിൽ തന്നെ സഭാ നേതൃത്വത്തെ അറിയിച്ചതാണ്. സിനഡ് ഇക്കാര്യത്തിൽ തീരുമാനം എടുക്കട്ടെ എന്നാണ് മാർപാപ്പ അഭിപ്രായപ്പെട്ടത്.
ഇക്കാര്യത്തിൽ സിനിഡ് തന്റെ താത്പര്യം തള്ളിക്കളയുകയായിരുന്നു. പിന്നീടും വിരമിക്കണമെന്ന താത്പര്യം താൻ സഭാ നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിലാണ് ഇപ്പോൾ അതിന് അനുമതി ലഭിച്ചെന്നും മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
മുൻ മേജർ അർച്ച്ബിഷപ് കർദിനാൾ മാർ വർക്കി വിതയത്തിൽ ദിവംഗതനായതിനെ തുടർന്ന് 2011-ലാണ് മാർ ജോർജ് ആലഞ്ചേരിയെ മേജർ ആർച്ച്ബിഷപ്പായി സിനഡ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്.