കൊച്ചി: തലയ്ക്കു മീതെ സൂര്യന് ജ്വലിച്ചു നില്‍ക്കുമ്പോഴും ഒട്ടും നിഴല്‍ കാണാത്ത അവസ്ഥ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേരളത്തിൽ ഇങ്ങനെയൊരു പ്രതിഭാസത്തിനു സാക്ഷിയാകാം. ആലപ്പുഴയിലും കോട്ടയത്തും നാളെ നിഴലില്ലാ ദിനമാണ്. ഉച്ചയ്ക്ക് 12.25നാണ് ഈ പ്രതിഭാസം.
പല പ്രദേശത്തും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും ഇത് അനുഭവപ്പെടുക. യഥാര്‍ഥ പ്രതിഭാസം കണ്ണ് ചിമ്മുന്ന വേഗത്തില്‍ അവസാനിക്കുമെങ്കിലും അതിന്റെ പ്രഭാവം ഒന്നര മിനിറ്റു വരെ നീണ്ടുനില്‍ക്കും. തിരുവനന്തപുരത്ത് ബുധനാഴ്ചയും കൊല്ലത്ത് ഇന്നലെയും ഈ പ്രതിഭാസം ദൃശ്യമായിരുന്നു.
എന്താണ് സീറോ ഷാഡോ ഡേ?
ഒട്ടും നിഴല്‍ കാണാത്ത ഈ ദിവസത്തെ ശാസ്ത്രലോകം വിളിക്കുന്നത് സീറോ ഷാഡോ ഡേ അഥവാ നിഴല്‍രഹിത ദിനം എന്നാണ്. എന്നും നമ്മുടെ തലയ്ക്കു മുകളിലൂടെ സൂര്യന് കടന്നുപോകുന്നുണ്ടെങ്കിലും വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം മാത്രമാണ് കൃത്യം നേര്സ്ഥാനത്തുകൂടി ലംബമായി കടന്നുപോകുന്നത്. ഇങ്ങനെ വരുമ്പോള്‍ ഒട്ടും ചെരിവില്ലാതെ കുത്തനേ നില്ക്കുന്ന ഒരു വസ്തുവിന്റെയും നിഴല്‍ പ്രതിഫലിക്കില്ല.
ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇന്ത്യയില്‍ നിഴലില്ലാ ദിനം വരുന്നത്. ഈ പ്രതിഭാസം എല്ലായിടത്തും പ്രകടമാകില്ല. മറിച്ച്, ഭൂമധ്യരേഖയുടെ ഇരുപത്തിമൂന്നര ഡിഗ്രി മുകളിലേക്കും താഴേക്കുമുള്ള സ്ഥലങ്ങളിലാണ് സീറോ ഷാഡോ ഡേ അനുഭവപ്പെടുക.
സൂര്യനെ ചുറ്റുന്ന ഭൂമിക്ക് സ്വാഭാവികമായും ഉള്ള ചെരിവാണ് ഇതിനു കാരണം. ആ ദിവസങ്ങളില്‍ നട്ടുച്ചസമയത്ത് സൂര്യന് നമ്മുടെ നേരേ മുകളില്‍ വരികയും നിഴലുകള്‍ അപ്രത്യക്ഷമാകുകയും ചെയ്യും. ബാക്കി ദിവസങ്ങളില്‍ നട്ടുച്ചയ്ക്ക് തെക്കോട്ടോ വടക്കോട്ടോ ചെറിയ നിഴലുകളുണ്ടാകും.
മറ്റു ജില്ലകളിലും കാണാം
ഇന്ന് 12.24ന് പത്തനംതിട്ടയിലും തിങ്കളാഴ്ച ഉച്ചയ്ക്ക് 12.25ന് കൊച്ചിയിലും 12.22ന് ഇടുക്കിയിലും 17ന് ഉച്ചയ്ക്ക് 12.25ന് തൃശൂരിലും 18ന് ഉച്ചയ്ക്ക് 12.23ന് പാലക്കാട്ടും 12.25ന് മലപ്പുറത്തും 19ന് ഉച്ചയ്ക്ക് 12.26ന് കോഴിക്കോട്ടും 20ന് ഉച്ചയ്ക്ക് 12.25ന് വയനാട്ടിലും 21ന് ഉച്ചയ്ക്ക് 12.27ന് കണ്ണൂരിലും 22ന് ഉച്ചയ്ക്ക് 12.29ന് കാസര്‍ഗോഡും നിഴല്‍ മറയും.