കോട്ടയം: കോട്ടയം ജില്ലയിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി.രോഗം സ്ഥിരീകരിച്ച മേഖലയിൽ കൊതുകിന്റെ ഉറവിടങ്ങൾ നിർമാർജനം ചെയ്യുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
വീടുകളുടെ സണ്‍ഷേഡ്, വീട്ടു പരിസരത്ത് ഉപേക്ഷിക്കപ്പെട്ട ചെറിയ പാത്രങ്ങൾ, ചെടിച്ചട്ടികൾ, ഫ്രിഡ്ജിനു പിന്നിലെ ട്രേ, ഉപയോഗിക്കാത്ത കക്കൂസുകളിലെ ഫ്ളഷ് ടാങ്കുകൾ, ക്ലോസെറ്റുകൾ തുടങ്ങിവയിലൊന്നും വെള്ളം കൂടുതൽ ദിവസം കെട്ടിനിന്നു കൊതുകു പെരുകുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് സിക്ക വൈറസ് പഠനത്തിനുപോയ ആരോഗ്യപ്രവർത്തകയ്ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ജില്ലയിൽ തിരിച്ചെത്തിയശേഷം രോഗ ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് രക്ത പരിശോധന നടത്തുകയായിരുന്നു. രോഗിയെ ഐസൊലേഷനിൽ പാർപ്പിച്ച് നിരീക്ഷിച്ചു വരികയാണ്.
രോഗിയുമായി അടുത്ത് ഇടപഴകിയവരെ രക്തപരിശോധനയ്ക്ക് വിധേയരാക്കുന്നതിന് ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രോഗിയുടെ താമസസ്ഥലത്തിന്റെ സമീപ മേഖലകളിൽ ആളുകളിലും രോഗലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടോയെന്നും നിരീക്ഷിച്ചുവരികയാണ്.
നേരിയ പനി, ശരീരത്തിൽ തിണർപ്പ് എന്നിവയാണ് സാധാരണ കണ്ടുവരുന്ന രോഗലക്ഷണങ്ങൾ. ചിലരിൽ കണ്ണുകളിൽ ചുവപ്പു നിറം, പേശി വേദന, ക്ഷീണം എന്നി ലക്ഷണങ്ങളും ഉണ്ടാകാം. ലക്ഷണങ്ങൾ രണ്ടു മുതൽ ഏഴു ദിവസം വരെ നീണ്ടുനിൽക്കാം.
സ്ത്രീകൾക്ക് ഗർഭാവസ്ഥയുടെ ആദ്യ മൂന്നു മാസങ്ങളിൽ സിക്ക വൈറസ് ബാധിച്ചാൽ കുഞ്ഞിന് മൈക്രോസെഫാലി എന്ന അവസ്ഥക്ക് കാരണമാകും. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്കയ്ക്കും കാരണമാകുന്നത്.