തിരുവനന്തപുരം: സിക്ക വൈറസ് പ്രതിരോധം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ജില്ലയിലെ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ വിദഗ്ധ സംഘം നിർദേശം നൽകിയിട്ടുണ്ട്. 18 പേര്‍ക്കാണ് സിക്ക വൈറസ് ഇതുവരെ സ്ഥിരീകരിച്ചത്.
കൊറോണ വ്യാപനത്തിനൊപ്പം സിക്ക വൈറസ് രോഗികളുടെ എണ്ണവും വർദ്ധിക്കുന്നത് സംസ്ഥാനത്തിന് ആശങ്കയാണ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം കോര്പറേഷന് പരിധിയിലും പാറശാലയിലുമുള്പ്പെടെ കേന്ദ്ര വിദഗ്ദ സംഘം ഇന്ന് സന്ദർശനം നടത്തും.
വൈറസ് കണ്ടെത്താൻ വൈകിയോ, അത് വ്യാപനത്തിനിടയായോ, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപനം ഉണ്ടായിട്ടുണ്ടാകാനുള്ള സാധ്യത എന്നിവയാണ് പ്രധാനമായും കേന്ദ്ര സംഘം പരിശോധിക്കുന്നത്.
ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയ സംഘം രോഗപ്രതിരോധം സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിരുന്നു. നിലവിൽ രോഗവും രോഗികളുടെ സാന്നിധ്യവും സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്താനാണ് സാധ്യത.
പരിശോധനാ സംവിധാനം കൂടുതൽ ശക്തമാക്കി പ്രതിരോധം വേഗത്തിലാക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം.തിരുവനന്തപുരത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ വിദഗ്ധ സംഘം നിർദേശം നൽകി.
കൂടുതൽ പരിശോധനാ കിറ്റുകൾ ലഭ്യമാക്കും. സിക റിപ്പോർട്ട് ചെയ്തതിനേത്തുടർന്ന് കേരളത്തിൽ നിന്ന് പോകുന്നവർക്ക് തമിഴ്നാട് നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്.
രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളില്‍ 26 എണ്ണം നെഗറ്റീവായിരുന്നു. മൂന്നാം ഘട്ടമായി എട്ട് സാമ്പിളുകളിൽ മൂന്നെണ്ണം ഇന്നലെ പോസിറ്റിവായി.
സംശയമുള്ള കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഗർഭിണികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് വിദഗ്ധ സംഘത്തിന്റെ നിർദേശം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംഘം നാളെ മടങ്ങും.