കാലിഫോര്‍ണിയയെ ഭീതിയിലാഴ്ത്തിയ “സോഡിയാക് കില്ലറിന്റെ’ രഹസ്യ സന്ദേശത്തിന്റെ ചുരുളഴിച്ചു.1969 ല്‍ സാന്‍ഫ്രാന്‍സിസ്കോയിലെ ദിനപത്രത്തിന് സീരിയല്‍ കില്ലര്‍ അയച്ച സന്ദേശമാണ് ഇപ്പോൾ ഡീകോഡ് ചെയ്തത്.
നിഗൂഢ ലിപികളിളും ചിഹ്നങ്ങളും ഉപയോഗിച്ചാണ് ഈ സന്ദേശം തയാറാക്കിയിരുന്നത്.
“എന്നെ പിടികൂടാനുള്ള ശ്രമം നിങ്ങള്‍ വളരെയധികം ആസ്വദിക്കുന്നുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഗ്യാസ് ചേമ്പറിനെ എനിക്ക് ഭയമില്ല. കാരണം ഇത് എന്നെ പറുദീസയിലേക്ക് അയയ്ക്കും.
തനിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരുപട് പേരുണ്ട്.’- ഇതാണ് സന്ദേശത്തിന്റെ അർഥം.46 കാരനായ അമേരിക്കന്‍ വെബ് ഡിസൈനറായ ഡേവിഡ് ഓറഞ്ചക്ക് ആണ് നിഗൂഢ ഭാഷ ചുരുളഴിച്ചെടുത്തത്.
ഓസ്ട്രേലിയന്‍ ഗണിതശാസ്ത്രജ്ഞനായ സാം ബ്ലെയ്ക്കും ബെല്‍ജിയന്‍ ലോജിസ്റ്റിഷ്യന് ജാര് വാന്‍ ഐക്കെയും ഡേവിഡിനെ സഹായിക്കാനായി ഒപ്പമുണ്ടായിരുന്നു.
1968 ലും 1969 ലും ആയി ഏകദേശം അഞ്ച് കൊലപാതകങ്ങളാണ് ഈ സീരിയല്‍ കില്ലര്‍ ചെയ്തത്. ഇയാളെക്കുറിച്ചുള്ള സൂചനകള്‍ സന്ദേശത്തില്‍ അടങ്ങിയിട്ടുണ്ടെന്നും ഡേവിഡ് പറയുന്നു.
2006ല്‍ ആണ് ഡേവിഡ് നിഗൂഢ ഭാഷ മനസിലാക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്. അതേസമയം ആ അജ്ഞാത കൊലയാളിയെ ഇതുവരെ പിടികൂടാൻ പോലീസിനായിട്ടില്ല.
37 കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ഇയാൾ പത്രങ്ങൾക്ക് അയച്ച കത്തിൽ വെളിപ്പെടുത്തിയിരുന്നത്.
രണ്ട് പേർ ഇയാളുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടത്രേ. ഇയാളുടെ ഒരു രേഖ ചിത്രം മാത്രമാണ് പോലീസിന്റെ കൈയിൽ ഇപ്പോഴുമുള്ളത്.