കൊച്ചി/ കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കൊച്ചിയിലും കോട്ടയത്തും പങ്കെടുത്ത പരിപാടികൾക്ക് അസാധാരണ സുരക്ഷയൊരുക്കി പോലീസ്.
സ്വർണക്കടത്തു കേസിലെ പുതിയ വെളിപ്പെടുത്തലിനെത്തുടർന്നുള്ള സമരം കണക്കിലെടുത്താണ് മുമ്പൊന്നും കാണാത്ത പോലീസ് സന്നാഹം.
രണ്ടിടത്തും മാധ്യമപ്രവർത്തകരെ കറുത്ത മാസ്ക് ധരിക്കാൻ പോലും അനുവദിച്ചില്ല. കോട്ടയത്ത് റോഡുകളെല്ലാം അടച്ചുപൂട്ടി ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിച്ചായിരുന്നു പോലീസിന്റെ പ്രകടനം.
കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവരെ പെരുവഴിയിൽ മണിക്കൂറുകളോളം തടഞ്ഞു. കറുത്ത മാസ്ക് ധരിച്ചെത്തിയവരെയും കുഞ്ഞുങ്ങളുമായി എത്തിയവരെയും വയോധികരേയും ആശുപത്രിയിൽ പോയവരെയും യാത്ര ചെയ്യാൻ അനുവദിച്ചില്ല. ബാരിക്കേഡുകൾ തീർത്താണ് വാഹന ഗതാഗതം വിലക്കിയത്.
കൊച്ചിയിൽ സിറ്റി പോലീസ് കമ്മീഷണറുടെയും നാല് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തിൽ നൂറുകണക്കിനു പോലീസുകാരാണ് നഗരത്തിൽ മുഖ്യമന്ത്രിക്ക് സുരക്ഷാവലയം തീര്‍ത്തത്.
കലൂരിലും ചെല്ലാനത്തുമായി രണ്ടു പരിപാടികളാണു മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നത്. കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനിലെ കാന്‍സര്‍ ലാബ് ഉദ്ഘാടനത്തിനെത്തിയ മാധ്യമപ്രവർത്തകർ അടക്കമുള്ളവരോട് കറുത്ത മാസ്ക് ധരിക്കരുതെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.
പകരം നീലനിറത്തിലുള്ള സര്‍ജിക്കല്‍ മാസ്ക് നൽകുകയും ചെയ്തു. കറുത്ത വസ്ത്രമണിഞ്ഞു മെട്രോയില്‍ സഞ്ചരിക്കാനെത്തിയ രണ്ട് ട്രാന്‍സ്ജെന്‍ഡർമാരെ പോലീസ് ബലംപ്രയോഗിച്ചു കസ്റ്റഡിയിലെടുത്തതു വിവാദമായി.
തിരക്കേറിയ കലൂർ മെട്രോ സ്റ്റേഷനു മുന്നിൽ വണ്‍വേ തെറ്റിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം നിർത്തിയിട്ടത്. പതിനഞ്ചോളം വാഹനങ്ങൾ ഇതിലുണ്ടായിരുന്നു. പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കിന് ഇതു വഴിവച്ചു.
ചെല്ലാനത്തെ തീരസംരക്ഷണ പദ്ധതി ഉദ്ഘാടനത്തിന് പോകവെ തോപ്പുംപടിയില്‍ ബിജെപി പ്രവര്ത്തകന് കറുത്ത കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിൽ ചാടി. പോലീസ് ഉടൻതന്നെ ഇയാളെ പിടിച്ചുനീക്കി.
തൃശൂരിൽ കരിങ്കൊടി
തൃശൂർ: ദേശീയപാതയിൽ പുതുക്കാട് സെന്ററിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ നാലുപേർ അറസ്റ്റിലായി. ഇന്നലെ രാത്രി 7.30-നായിരുന്നു സംഭവം.
ദേശീയപാതയിലൂടെ മുഖ്യമന്ത്രിയെത്തുന്പോൾ പാലിയേക്കര ടോൾപ്ലാസയിൽ പ്രതിഷേധമുണ്ടാകുമെന്ന അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ പുതുക്കാട് സിഗ്നലിൽ അപ്രതീക്ഷിതമായാണ് പ്രതിഷേധക്കാരെത്തിയത്.
നാലു പോലീസുകാർ മാത്രമാണ് ആ സമയത്ത് പുതുക്കാട് സെൻററിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്.
ദേശീയപാതയിലേക്ക് കരിങ്കൊടിയുമായി ഇറങ്ങിയ പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.