കാപ്പി കുടിക്കാൻ ഇഷ്മില്ലാത്തവർ പൊതുവേ കുറവാണ്. രണ്ട് നേരവും കാപ്പിയോ ചായയോ ലഭിക്കാതെ വന്നാൽ തലവേദന എടുക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാൽ കാപ്പി കുടിക്കാൻ ലക്ഷങ്ങൾ ചിലവാക്കാറുണ്ടോ നിങ്ങൾ?
അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. സൊമാറ്റോയിൽ ദിവസവും ഒരു കോഫി വച്ച് ഓർഡർ ചെയ്ത് കുടിക്കുന്ന യുവതിയുണ്ടത്രെ മുംബൈയിൽ. ഇതുവരെ അവൾ കോഫിക്ക് വേണ്ടി മാത്രം ചെലവഴിച്ചത് 9.4 ലക്ഷം രൂപയാണെന്നാണ് പറയുന്നത്.
സൊമാറ്റോ വഴി സ്റ്റാർബക്സിൽ നിന്ന് ദിവസവും തന്റെ പ്രിയപ്പെട്ട സിനമൺ കോഫി ഓർഡർ ചെയ്ത് കുടിക്കുകയാണ് മിഷ്കത്ത് എന്ന യുവതി. ഇപ്പോൾ യുവതിയെ വച്ച് സൊമാറ്റോ ഒരു പരസ്യവും ചെയ്തിട്ടുണ്ട്.
സൊമാറ്റോയുടെ മാർക്കറ്റിംഗ് തലവനായ സാഹിബ്ജീത് സിംഗ് സാഹ്നി ഇതിന്റെ വീഡിയോ ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ചു. ഇതുവരെ മിഷ്കാത്ത് കോഫി ഓർഡർ ചെയ്തതിലായി മാത്രം 9 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞു എന്നാണ് വീഡിയോയിൽ പറയുന്നത്.
‘സൊമാറ്റോ വഴി 9.4 ലക്ഷത്തിന്റെ കോഫി മുംബൈയിൽ നിന്നുള്ള മിഷ്കാത്ത് ഓർഡർ ചെയ്ത് കഴിഞ്ഞു. ഇത് അവരോടുള്ള ആദരവാണ്. ഈ വീഡിയോ ചെയ്യാൻ സമ്മതിച്ചതിന് അവരുടെ അമ്മയോടുള്ള നന്ദിയും അറിയിക്കുന്നു’ എന്നും വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.