കോൽക്കത്ത: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റോ വീണ്ടും വിവാദത്തിൽ. തിങ്കളാഴ്ച മുതൽ കോൽക്കത്തയിൽ സൊമാറ്റോ ഭക്ഷണവിതരണ ജീവനക്കാർ സമരം തുടങ്ങുന്നതാണ് പുതിയ വാർത്ത. കന്പനി തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നതായി ആരോപിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച പെരുന്നാൾ ആഘോഷം നടക്കാനിരിക്കെയാണ് ബീഫും പന്നിയിറച്ചിയും വിതരണം ചെയ്യാനാവില്ലെന്ന നിലപാടുമായി ഭക്ഷണവിതരണക്കാർ രംഗത്തെത്തിയത്. അടുത്തിടെ ചില മുസ്ലിം റസ്റ്ററന്റുകളും സൊമാറ്റോയുമായി യോജിച്ച് പ്രവര്‍ത്തിക്കാനാരംഭിച്ചിരുന്നു. എന്നാൽ ഹിന്ദു മതത്തില്‍പ്പെട്ട വിതരണക്കാര്‍ അവിടെനിന്നുള്ള ബീഫ് വിതരണം ചെയ്യുന്നതിന് വിസമ്മതിച്ചു.
ഇതിനു പിന്നാലെ മുസ്ലിം തൊഴിലാളികളോട് പന്നിയിറച്ചി വിതരണം ചെയ്യാനും കമ്പനി ആവശ്യപ്പെട്ടു. ഇതിനെയും ഞങ്ങൾ എതിർത്തു. കന്പനിയുടെ ഇത്തരത്തിലുള്ള നീക്കങ്ങൾ ഞങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നുണ്ടെന്നും സമൂഹത്തിലെ സൗഹാർദ അന്തരീക്ഷം തകർക്കാനാണ് കന്പനിയുടെ നീക്കമെന്നും ജീവനക്കാർ പറഞ്ഞു. ജീവിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഭക്ഷണ വിതരണത്തിനെത്തുന്നതെന്നും അവർ വ്യക്തമാക്കി.
അടുത്തിടെ ഡെലിവറി ബോയ് അഹിന്ദുവായതിനാൽ തനിക്ക് ഭക്ഷണം വേണ്ടെന്നും ഓർഡർ കാൻസൽ ചെയ്യണമെന്നും ആവശ്യപ്പെട്ട യുവാവിന് ചുട്ടമറുപടിയുമായി സൊമാറ്റോ രംഗത്തെത്തിയത് വൈറലായിരുന്നു. ഭക്ഷണത്തിനു മതമില്ല, അത് തന്നെ മതമാണെന്നായിരുന്നു സൊമാറ്റോ നൽകിയ മറുപടി.