ചില ദിവസങ്ങളിൽ ഭക്ഷണം ഉണ്ടാക്കാൻ നമുക്ക് മടി കാരണം പറ്റാറില്ല. ഓൺലൈനിൽ ഓർഡർ ചെയ്യുകയേ അപ്പോൾ നിവർത്തിയുള്ളു. പ്രമുഖ ഭക്ഷ്യവിതരണ ശൃംഖലയായ സൊമാറ്റോയെ ആശ്രയിച്ച യുവാവിനു കിട്ടിയ മുട്ടൻ പണിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച.
ബംഗളൂരുവിലെ ക്ലൗഡ് കിച്ചണിൽ നിന്നാണ് യുവാവ് ഭക്ഷണം ഓർഡർ ചെയ്തത്. ആരോഗ്യദായകമായ ഭക്ഷണം വില്ക്കുന്നുവെന്ന് അവകാശപ്പെടുന്ന ‘ഫ്രഷ് മെനു’ എന്നാണ് ക്ലൗഡ് കിച്ചണെ കുറിച്ച് അവർത്തന്നെ പറയുന്നത്. അത് വിശ്വസിച്ച് യുവാവും ഭക്ഷണം ഓർഡർ ചെയ്തു. കൊതിയോടെ ഭക്ഷണം കഴിക്കാൻ ചെന്നപ്പോഴതാ ഭക്ഷണത്തിൽ പുഴു.
അത് കണ്ടയുടനേതന്നെ യുവാവ് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും പങ്കുവച്ചു. ‘വളരെ നാളിന് ശേഷമാണ് ഞാന്‍ പുറത്ത് നിന്നും എന്തെങ്കിലും വാങ്ങി കഴിക്കാമെന്ന് വിചാരിച്ചത്. അതാണ് ദേ ഇങ്ങനെ അവസാനിച്ചത്. ദയവ് ചെയ്ത് നിങ്ങള്‍ പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തണം. മറ്റ് നിര്‍വാഹമില്ലെങ്കില്‍ വാങ്ങുന്ന ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൃത്യമായി പരിശോധിക്കണമെന്നും’ യുവാവ് ആവശ്യപ്പെട്ടു.
യുവാവിന്റെ പോസ്റ്റ് വൈറലായതോടെ ഫ്രഷ് മെനു’ ഖേദം പ്രകടിപ്പിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും യുവാവിനെ നേരിട്ട് ചെന്ന് കാണുമെന്നും അവർ പറഞ്ഞു.