കോട്ടയം: ഓണ്‍ലൈൻ ഭക്ഷണ വിതരണ ഏജൻസിയായ സൊമാറ്റോയിലെ ഡെലിവറി ബോയ്സ് സമരത്തിലേക്ക്. വിദ്യാർഥികളടക്കം നിരവധിപേർ ഭാഗികമായും പൂർണസമയത്തും ജോലി ചെയ്യുന്ന ഇടമാണ് സൊമാറ്റോ.
ഇവിടെ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഒരുവിഭാഗം തൊഴിലാളികൾ. ഓണ്‍ലൈൻ ആപ്പുവഴി ബുക്ക് ചെയ്തു കഴിഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ ഓർഡർ ചെയ്യുന്ന ഇടത്ത് ഹോട്ടലിലെ ആഹാരം കൊണ്ടെത്തിക്കുന്ന സംവിധാനത്തിനു വൻ ജനസ്വീകാര്യതയാണു ലഭിച്ചുകൊണ്ടിരുന്നത്.
സൊമാറ്റോ, ഉൗബർ ഈറ്റ്സ്, സ്വിഗി എന്നിവയാണ് നഗരത്തിൽ ഈ സംവിധാനം നടത്തിയിരുന്നത്. കൂടുതൽ സ്വീകാര്യത നേടിയ ഉൗബർ ഈറ്റ്സിലായിരുന്നു കൂടുതൽ തൊഴിലാളികൾ ജോലി ചെയ്തിരുന്നതും. ജനുവരി 21നാണ് ഉൗബർ ഈറ്റ്സ് സൊമാറ്റോ കന്പനി ഏറ്റെടുക്കുന്നത്.
അതോടെ ഉൗബറിന്റെ തൊഴിലാളികളും സൊമാറ്റോയുടെ ഭാഗമായി. ഇതിനുശേഷമാണ് ഇപ്പോൾ ഒരു വിഭാഗം സമരം നടത്താൻ ഒരുങ്ങുന്നത്. രാത്രിയെന്നും പകലെന്നുമില്ലാതെ ഏതു സമയത്തും ഭക്ഷണപ്പൊതി സുരക്ഷിതമായി ഇരുചക്ര വാഹനത്തിൽ എത്തിക്കുന്നവരാണ് ഡെലിവറി ബോയ്സ്.
സൊമാറ്റോ ഏറ്റെടുത്തതിനു പിന്നാലെ മുന്‍പു ലഭിച്ചിരുന്ന കമ്മീഷൻ വെട്ടിക്കുറച്ചതാണ് ഇപ്പോൾ സമരത്തിനു കാരണമാകുന്നത്. ഡെലിവറിക്കുള്ള ദൂരം കൂടിയാലും നിശ്ചിത നിരക്കിൽനിന്നും കമ്മീഷൻ കൂടുന്നില്ല, ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിർത്തി, കസ്റ്റമർ നൽകുന്ന ഡെലിവറി ചാർജ് ഡെലിവറി ബോയ്സിനു കിട്ടുന്നില്ല എന്ന പരാതികളാണ് ഈ തൊഴിലാളികൾ മുന്നോട്ടുവയ്ക്കുന്നത്.
ഏതു സമയത്തും ജോലി ഉപേക്ഷിക്കാം എന്നുള്ള എഗ്രിമെന്റ് നിലനിൽക്കെ സമരത്തിനിറങ്ങിയാൽ ക്രിമിനൽ കേസ് കൊടുക്കുമെന്ന ഭീഷണിയും സൊമാറ്റോയുടെ അധികൃതരിൽ നിന്നുമുണ്ടായെന്നും തൊഴിലാളികൾ പറയുന്നു.