പച്ച വേഷം വെജിറ്റേറിയൻ ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാർക്ക് നൽകാനുള്ള ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയുടെ തീരുമാനം വ്യാപകമായ വിമർശനത്തെ തുടർന്ന് പിൻവലിച്ചു. നിലവിൽ സൊമാറ്റോയിൽ ചുവന്ന നിറത്തിലെ ഡ്രസ് കോഡാണ്. എന്നാൽ പച്ച നിറം ശുദ്ധ വെജിറ്റേറിയന് ഭക്ഷണം വിതരണം ചെയ്യുന്നവർക്കാണ് ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നത്.
പ്യുവർ വെജ്’ ഫ്ലീറ്റിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ് എല്ലാ ഡെലിവറി പങ്കാളികളും ചുവപ്പ് യൂണിഫോം ധരിക്കുന്നത് തുടരുമെന്ന് സൊമാറ്റോ അറിയിച്ചത്. വെജിറ്റേറിയൻ കഴിക്കുന്നവർക്കായി നടപ്പാക്കുന്ന പുതിയ പദ്ധതിക്ക് കീഴിൽ വിതരണത്തിന് നിൽക്കുന്ന ആളുകൾക്ക് പച്ച യൂണിഫോം നൽകാനുള്ള തീരുമാനം കമ്പനി പിൻവലിക്കുകയാണെന്നും, ചുവപ്പ് തന്നെ നിറമായി തുടരുമെന്നും കമ്പനി സിഇഒ തന്നെയാണ് നേരിട്ട് അറിയിച്ചത്.
“ഞങ്ങളുടെ എല്ലാ റൈഡർമാരും അതായത് സാധാരണ ഫ്ലീറ്റും സസ്യാഹാരികൾക്കുള്ള ഫ്ലീറ്റും ചുവപ്പ് നിറം തന്നെ ഡ്രസ്സ് കോഡ് ധരിക്കുന്നത് തുടരും” എന്ന് ദീപീന്ദർ ഗോയൽ എക്‌സിൽ കുറിച്ചു. അതായത് വെജിറ്റേറിയൻ ഓർഡറുകൾ വിതരണം ചെയ്യുന്നത് തിരിച്ചറിയാൻ കഴിയില്ല എന്നാണ്. എന്നാൽ വെജ് ഓർഡറുകൾ വെജ് ഓൺലി ഫ്ലീറ്റ് നൽകുമെന്ന് ആപ്പിൽ കാണിക്കും. നോൺ-വെജ് ഭക്ഷണം, ഏതെങ്കിലും പ്രത്യേക ദിവസങ്ങളിൽ ഏതെങ്കിലും പ്രത്യേക സമയങ്ങളിൽ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നത് ആരെങ്കിലും തടഞ്ഞേക്കുമെന്നുള്ള നിഗമനത്തെ തുടർന്നാണ് വെജ്, നോൺ വെജ് ഡെലിവറി ജീവനക്കാർക്ക് ഒരേ ഡ്രസ്സ് കോഡ് സൊമാറ്റോ നൽകിയിരിക്കുന്നത്.
“ഞങ്ങളുടെ റൈഡറുടെ ശാരീരിക സുരക്ഷ ഞങ്ങൾക്ക് പരമപ്രധാനമാണ്. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് പോലും അവരുടെ താമസ സ്ഥലങ്ങളിൽ ഇത് പ്രശ്‌നമുണ്ടാക്കാമെന്ന് ഞങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നു, ഞങ്ങൾ കാരണം അത് സംഭവിച്ചാൽ അത് നല്ലതായി കരുതുന്നില്ല,” ഗോയൽ തൻ്റെ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.