കോട്ടയം: ഓണ്‍ലൈൻ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോം സൊമാറ്റോയിലെ തൊഴിലാളികൾ സമരത്തിൽ. വേതനവുമായി ബന്ധപ്പെട്ടു തൊഴിലാളികളും കന്പനിയും തമ്മിലുണ്ടായ തർക്കമാണ് സമരത്തിലേക്ക് എത്തിച്ചത്.
ഓൾ കേരള സൊമാറ്റ റൈഡേഴ്സ് അസോസിയേഷൻ കോട്ടയം യൂണിറ്റ് മാത്രമാണ് ഇപ്പോൾ സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
ഇന്നു വ്യക്തമായ തീരുമാനം കന്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്നു അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
അതേസമയം സമരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് കന്പനി അധികൃതരുടെ ഭീഷണിയെന്നും തൊഴിലാളികൾ ആരോപിച്ചു.
ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താലും പെട്രോൾ ചെലവ് കഴിഞ്ഞു 400 മുതൽ 450 രൂപ വരെയാണ് ഒരാൾക്ക് ലഭിക്കുന്നത്.
ഒരേ റൂട്ടിൽ ഒന്നിലധികം ഡെലിവറികൾ ലഭിച്ചാലും മുന്‍പുണ്ടായിരുന്ന വേതനം ഇപ്പോൾ ലഭിക്കുന്നില്ല. ദിനം പ്രതി കൂടുന്ന ഇന്ധനച്ചെലവു പരിഗണിക്കുന്പോൾ വിതരണത്തിനിറങ്ങുന്നത് ലാഭകരമല്ല.
ശന്പളം കൂട്ടണമെന്ന് ആവശ്യപ്പെടുന്പോൾ കന്പനി മെച്ചപ്പെട്ടിട്ടു കൂട്ടാമെന്ന നിലപാടിലാണ് അധികൃതരെന്നും തൊഴിലാളികൾ കൂട്ടിച്ചേർത്തു.
പണിമുടക്കുന്നവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുമെന്നും നടപടി സ്വീകരിക്കുമെന്നും കന്പനി അധികൃതർ ഭീഷണിപ്പെടുത്തിയതായും തൊഴിലാളികൾ ആരോപിച്ചു.
മുന്‍പ് ഉൗബർ ഈറ്റ്സ്-സൊമാറ്റോ ലയനത്തിനു പിന്നാലെ വിതരണക്കൂലി നേർ പകുതിയായി കുറച്ചതിലും തൊഴിലാളികൾ പണിമുടക്കിയിരുന്നു.