ആ സംഭവം വേദനിപ്പിച്ചു. പക്ഷെ എന്തു ചെയ്യാൻ സാധിക്കും. തങ്ങൾ പാവപ്പെട്ടവരാണ്. ഇതുപോലുള്ള കാര്യങ്ങളുമായി പൊരുത്തപ്പെടേണ്ടവരാണ്. സൊമാറ്റോ ജീവനക്കാരനായ ഫയാസിന്റേതാണ് വേദനിപ്പിക്കുന്ന ഈ വാക്കുകൾ.
ഫായിസ് ഇപ്പോൾ ഇന്ത്യയിലാകെ ചർച്ചയായിക്കഴിഞ്ഞു. ഹിന്ദുവിനെ മാത്രം ഡെലിവറി ബോയിയായി അയയ്ക്കണമെന്ന ഉപഭോക്താവിന്റെ വാശിയാണ് ഇതുവരെ ആരാലും അറിയപ്പെടാതിരുന്ന ഫായിസിനെ ചർച്ചയുടെ കേന്ദ്രത്തിൽ എത്തിച്ചത്. എന്നാൽ അദ്ദേഹത്തിന് അതിൽ നിരാശമാത്രമാണ് ഉള്ളത്.
ആ സംഭവത്തെക്കുറിച്ച് ഫയാസ് വിശദീകരിക്കുന്നു: ചൊവ്വാഴ്ച ജബൽപൂരിലെ ഒരു ഉപഭോക്താവിന് ഭക്ഷണം എത്തിക്കാനുള്ള ചുമതല ഏറ്റെടുക്കുമ്പോൾ തനിക്ക് ഒരു സാധാരണ ഡെലിവറി എന്നതിലുപരി മറ്റൊന്നും കരുതിയിരുന്നില്ല. സാധാരണ ചെയ്യുന്നതുപോലെ ഓർഡർ ചെയ്ത നമ്പറിൽ വിളിച്ചു. ഭക്ഷണം എവിടെയാണ് എത്തിക്കേണ്ടത് എന്നറിയാനാണ് വിളിച്ചത്.
എന്നാൽ ഭക്ഷണവുമായി എത്തുന്ന താൻ മുസ്ലിമാണെന്ന് അറിഞ്ഞ് ഓർഡർ റദ്ദാക്കിയതായി അദ്ദേഹം അറിയിച്ചു. അതിൽ വേദന തോന്നി. പക്ഷെ എനിക്ക് എന്ത് പറയാൻ കഴിയും. ആളുകൾ എന്ത് പറഞ്ഞാലും, അതിൽ തനിക്ക് എന്ത് ചെയ്യാൻ കഴിയും, തങ്ങൾ ദരിദ്രരാണ്, ഇതുപോലുള്ള കാര്യങ്ങളുമായി പൊരുത്തപ്പെടേണ്ടവരാണ്- ഫയാസ് പറഞ്ഞു.
“നമോ സർക്കാർ’ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണു സോമാറ്റോയ്ക്ക് വിചിത്രമായ അറിയിപ്പ് കിട്ടിയത്. ഇസ്ലാം മതവിശ്വാസിയായ ഡെലിവറി ബോ യിക്കു പകരം ഹിന്ദുവിനെ അയയ്ക്കണമെന്നായിരുന്നു മധ്യപ്രദേശ് ജബൽപുർ സ്വദേശിയായ അമിത് ശുക്ലയുടെ ആവശ്യം. ഹിന്ദു അല്ലാത്ത ഡെലിവറി ബോയി വരുന്നതിനാൽ സൊമാറ്റോ ഓർഡർ റദ്ദാക്കിയതായി അമിത് ട്വീറ്റ് ചെയ്തു.
സൊമാറ്റോ കസ്റ്റമർ കെയർ സംവിധാനവുമായി നടത്തിയ സംഭാഷണങ്ങൾ സഹിതം ഇയാൾ പിന്നീട്, കൂടുതൽ ട്വീറ്റുകൾ പോസ്റ്റ് ചെയ്തു. കമ്പനിക്കെതിരേ കേസ് ഫയൽ ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. എന്നാൽ, ഡെലിവറി ബോയിയെ മാറ്റാൻ തയാറല്ല എന്ന നിലപാടിൽ സൊമാറ്റോ ഉറച്ചു നിന്നു.
ഭക്ഷണത്തിനു മതമില്ല. ഭക്ഷണമാണ് മതം – ഉപഭോക്താവിനു മറുപടിയായി സൊമാറ്റോ ട്വീറ്റ് ചെയ്തു. കന്പനിയുടെ നിലപാടിനൊപ്പം സ്ഥാപകൻ ദീപിന്ദർ ഗോയൽ ഉറച്ചു നിന്നു. ഇന്ത്യ എന്ന ആശയത്തിലും ഞങ്ങളുടെ പങ്കാളികളുടെയും ഉപഭോക്താക്കളുടെയും വൈവിധ്യത്തിലും ഞങ്ങൾ അഭിമാനിക്കുന്നു. ഞ ങ്ങളുടെ മൂല്യത്തിന്റെ പേരിൽ ബിസിനസ് നഷ്ടപ്പെടുന്നതിൽ ഞങ്ങൾക്കു മനസ്താപമില്ലെന്നും ഗോയൽ ട്വീറ്റ് ചെയ്തു.
ഇതോടെ സൊമാറ്റോയുടെ നിലപാടിന് അഭിനന്ദനമർപ്പിച്ച് വിവിധ രംഗങ്ങളിലെ പ്രമുഖർ രംഗത്തെത്തി.ബഹുമാനം. ഞാൻ നിങ്ങളുടെ ആപ്പ് ഇഷ്ടപ്പെടുന്നു. ഇ തിനു പിന്നിലുള്ള കന്പനിയെ പ്രശംസിക്കാൻ അവസരമുണ്ടാക്കിയ നിങ്ങൾക്ക് നന്ദി – ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. ദീപിന്ദർ ഗോയൽ സല്യൂട്ട്, നിങ്ങളാണ് ഇന്ത്യയുടെ യഥാർഥ മുഖം, നിങ്ങളെയോർത്ത് അഭിമാനം എന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറേഷിയും ട്വീറ്റ് ചെയ്തു.
ഇതിനിടെ സൊമാറ്റോയ്ക്കു പിന്തുണയുമായി മറ്റൊരു ഓണ്ലൈൻ ഭക്ഷണവിതരണ കമ്പനിയായ ഊബർ ഈറ്റ്സും രംഗത്തെത്തി. “സൊമാറ്റോ, ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം’ എന്നു ട്വീറ്റ് ചെയ്തായിരുന്നു ഊബർ ഈറ്റ്സ് തങ്ങളുടെ പിന്തുണ അറിയിച്ചത്. “ഭക്ഷണത്തിനു മതമില്ല, ഭക്ഷണം തന്നെയാണു മതം’ എന്ന സൊമാറ്റോയുടെ പ്രതികരണം ഇവർ റീട്വീറ്റ് ചെയ്തു.