മൃഗശാലയിൽ നിരവധി ജീവികളും അവയെ പരിപാലിക്കാൻ നിരവധി ജീവനക്കാരുമുണ്ട്. പലപ്പോഴും മൃഗശാല ജീവനക്കാരും അവിടുള്ള മൃഗങ്ങളുമായുള്ള ചങ്ങാത്തത്തിന്റേയും അടിപിടിയുടേയുമൊക്കെ വീഡിയോ വൈറലാകാറുണ്ട്. എന്നാൽ മൃഗങ്ങൾക്കുള്ള ഭക്ഷണം മോഷ്ടിച്ചു എന്നു കേട്ടാൽ എന്താകും അവസ്ഥ.
മൃഗശാലയിൽനിന്നു മൃഗങ്ങളുടെ ഭക്ഷണം മോഷ്ടിച്ച് സ്വന്തം ആവശ്യത്തിന് എടുക്കുകയും വില്പന നടത്തുകയും ചെയ്ത ജീവനക്കാരൻ പിടിയിലായ വാർത്തയാണ് സോഷ്യൽ മാഡിയയിൽ ഇന്ന് വൈറലാകുന്നത്. പടിഞ്ഞാറൻ ജപ്പാനിലെ ഒസാക്ക പ്രിഫെക്ചറിലെ ടെനോജി മൃഗശാലയിലെ ജീവനക്കാരനാണ് പിടിയിലായത്.
മൃഗങ്ങളുടെ ഭക്ഷണബാങ്കിൽ നിന്നു പഴങ്ങളും പച്ചക്കറികളും തുടർച്ചയായി കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിൽ മൃഗശാലയിലെ ജീവനക്കാരൻതന്നെയാണെന്ന് കണ്ടെത്തിയത്.
സ്ഥാപനത്തിലെ അനിമൽ കെയർ ആൻഡ് ബ്രീഡിംഗ് ഷോകേസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന 47കാരനായ മൃഗശാലാ സൂക്ഷിപ്പുകാരനാണു മോഷണം നടത്തിയതെന്നു പോലീസ് പറഞ്ഞു. ഇയാളുടെ പരിചരണത്തിന് കീഴിൽ ഉണ്ടായിരുന്ന കുരങ്ങുകളുടെയും ചിമ്പാൻസികളുടെയും ഭക്ഷണമാണ് ഇയാൾ മോഷ്ടിച്ച് വില്പന നടത്തിയത്.