സിംഹവും മൃഗശാലക്കാരനും തമ്മിലുള്ള വടംവലി മത്സരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന വീഡിയോയിൽ മൃഗശാലാ സൂക്ഷിപ്പുകാരൻ ജെയ് ബ്രൂവർ കാട്ടിലെ രാജാവിനെ വെല്ലുവിളിക്കുകയാണ്.
സിംഹം തന്റെ കൂട്ടിനുള്ളിൽ നിന്നും ബ്രൂവർ കൂടിന് പുറത്ത് നിന്നുമാണ് പരസ്പരം വടം വലിക്കുന്നത്. കൂട്ടിന്റെ ഇരുമ്പ് വേലിക്കിടയിൽ ക്രമീകരിച്ചിരിക്കുന്ന ഒരു ദ്വാരത്തിലൂടെയാണ് വടം സിംഹത്തിന്റെ കൂട്ടിലേക്ക് ഇട്ടു കൊടുത്തിരിക്കുന്നത്. വടം കടിച്ചു പിടിച്ച് തന്റെ എതിരാളിയെ തോൽപ്പിക്കാനായി സിംഹം നടത്തുന്ന ശ്രമം കാണേണ്ടതാണ്.
ബ്രൂവറിന്റെ ധൈര്യത്തെ പ്രശംസിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ നിരവധി ഉപയോക്താക്കൾ ഇരുവരും തമ്മിലുള്ള ആവേശകരമായ ഗെയിമിനെ അഭിനന്ദിച്ചു. ഒരു ദിവസം മുമ്പ് ഷെയർ ചെയ്ത പോസ്റ്റിന് മൂന്ന് ലക്ഷത്തിലധികം വ്യൂസും 15,000 ഓളം ലൈക്കുകളും ലഭിച്ചു. മത്സരത്തിൽ ആരാണ് വിജയിച്ചതെന്നറിയാൻ ഉപയോക്താക്കൾക്ക് വളരെ താൽപ്പര്യമുണ്ടായിരുന്നു.
ഒടുവിൽ, കാട്ടിലെ രാജാവയാ താന്‍ തന്നെയാണ് ശക്തിമാൻ എന്ന് തെളിയിച്ച് കൊണ്ട് സിംഹം മത്സരത്തിൽ വിജയിക്കുന്നു. തോൽവി സമ്മതിച്ച ബ്രൂവർ താൻ ‘തോറ്റു’ എന്ന് കാണിക്കുന്ന ഒരു ബോർഡ് പിടിച്ചുകൊണ്ട് നിൽക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ലയൺ ടഗ് ഓഫ് വാർ എന്ന ക്യാപ്ഷനോടെ ജെയ് ബ്രൂവർ തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഇത്തവണയും എന്നെ തോൽപ്പിച്ചിരിക്കുന്നു. എന്നാലും പ്രതികാരത്തോടെ ഞാൻ അടുത്ത വർഷം തീർച്ചയായും തിരിച്ചെത്തുമെന്നും ബ്രുവർ വീഡിയോയ്ക്ക് ഒപ്പം കൂട്ടിച്ചേർത്തു.