ശ്രീനഗര്‍: കാഷ്മീരില്‍ ഏറ്റുമുട്ടലിനിടെ ഭീകരരുടെ വെടിയേറ്റ് സൈന്യത്തിലെ നായയ്ക്ക് ഗുരുതര പരിക്ക്.
പ്രത്യേക പരിശീലനം ലഭിച്ച “സൂം’ എന്ന നായയെ സൈന്യത്തിന്റെ വെറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥലം കൃത്യമായി കണ്ടുപിടിച്ച് അവരെ ആക്രമിക്കുന്നതില്‍ പ്രാവീണ്യം നേടിയ നായയാണ് “സൂം’.
തിങ്കളാഴ്ച രാവിലെ അനന്ത്നാഗിലെ കൊക്കെര്‍നാഗില്‍ നടന്ന സൈനിക ഓപ്പറേഷനിടെയാണ് നായയ്ക്ക് വെടിയേറ്റത്.
രണ്ടുതവണ വെടിയേറ്റിട്ടും ഭീകരര്‍ ഒളിച്ചിരുന്ന സ്ഥലം കൃത്യമായി കണ്ടുപിടിച്ച് “സൂം’ അവരെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും ധീരസൈനികനായ “സൂം’ തന്റെ ദൗത്യം തുടരുകയായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പിന്നീട് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിരവധി സൈനികര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.
തെക്കന്‍ കാഷ്മീരിലെ നിരവധി സൈനിക ഓപ്പറേഷനുകളില്‍ സുരക്ഷാ സേനയുടെ സഹായിയാണ് “സൂം’. പ്രത്യേക പരിശീലനം ലഭിച്ച പ്രതിബദ്ധതയുള്ള നായയാണിതെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.