2011ൽ ജപ്പാനെ തകർത്തെറിഞ്ഞ മഹാദുരന്തമായിരുന്നു സുനാമി. ജപ്പാന്റെ കിഴക്കൻ മേഖലകളെ പൂർണമായും സുനാമി വിഴുങ്ങിയപ്പോൾ അവശേഷിച്ചത് ഒന്നു മാത്രമായിരുന്നു, ഒരു പൈൻ മരം. തീരദേശത്തുള്ള 70,000 മരങ്ങൾ കടപുഴകിവീണപ്പോൾ പ്രതിബന്ധങ്ങൾ മറികടന്ന് പ്രതീക്ഷയുടെ ഒരു തിരിനാമ്പായി വേരുറപ്പിച്ചുനിന്നിരുന്ന ആ പൈൻ മരം ഇനിയില്ല. ദുരന്തശേഷം ആറു വർഷം പിന്നിടുന്പോൾ 25 മീറ്റർ ഉയരം വരുന്ന ആ പൈൻമരത്തിന്റെ കടയ്ക്കൽ മഴു വീണു!
പ്രതീക്ഷയോടെ പ്രദേശവാസികൾ മരത്തെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഉപ്പുവെള്ളം മൂടിക്കിടന്നതിനാൽ മരത്തിന്റെ വേരുകൾക്ക് ബലക്ഷയം സംഭവിച്ചത് ചൂണ്ടിക്കാട്ടി അധികൃതർ മുറിക്കുകയായിരുന്നു. പൈൻ മരം നിന്നിരുന്ന ജപ്പാനിലെ തീരപ്രദേശമായ മിനാമിസോമയിൽ പ്രകൃതിക്ഷോഭത്തെ ചെറുക്കാനുതകുന്ന മരങ്ങൾക്കൊണ്ടുള്ള ഹരിത ബെൽറ്റ് നിർമിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
സുനാമി ദുരന്തത്തിന്റെ വേദനകളിലും പ്രതീക്ഷനല്കിയ പൈൻമരം മുറിച്ചുമാറ്റുന്നതു കാണാൻ നൂറുകണക്കിന് പ്രദേശവാസികൾ തടിച്ചുകൂടിയിരുന്നു. പൈൻമരത്തിന്റെ ഓർമകൾ എന്നും തങ്ങളുടെയുള്ളിൽ ഉണ്ടായിരിക്കുമെന്ന പ്രാർഥനയോടെ നിരവധി പേർ കണ്ണുനീർ വാർത്തു. സുനാമി ദുരന്തം കഴിഞ്ഞ ആറു വർഷവും ഒന്പതു മാസവും പിന്നിട്ടപ്പോഴാണ് പൈൻമരം മുറിച്ചുമാറ്റിയത്. മുറിച്ചുമാറ്റിയ തടി ഉപയോഗിച്ച് പ്രദേശവാസികളുടെ വീടുകളുടെ മുന്നിൽ വയ്ക്കാനുള്ള നെയിം പ്ലേറ്റ് നിർമിക്കാനാണ് തീരുമാനം.