സോഷ്യൽ മീഡിയ ഉപയോഗിക്കുന്പോൾ മനസിൽ തോന്നുന്ന വികാരം മറ്റുള്ളവരെ അറിയിക്കാൻ ഉപയോഗിക്കുന്ന എളുപ്പ മാർഗമാണ് ഇമോജികൾ. എന്നാലിപ്പോൾ ഇമോജികളുടെ പേരിൽ പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് ഫേസ്ബുക്ക് സ്ഥാപകൻ സാക്ഷാൽ മാർക്ക് സുക്കർബർഗ്. പണികൊടുക്കുന്നതാകട്ടെ ഇന്ത്യക്കാരും. ലോക ഇമോജി ദിനമായ ഈ മാസം 17ന് ഇമോജികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 10 രാജ്യങ്ങളുടെ പേര് സുക്കർബർഗ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. ഇതിൽ ഇന്ത്യയുടെ പേര് ഇല്ലാതിരുന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
അമേരിക്ക, മെക്സിക്കോ, ബ്രസീൽ, ഇന്തോനേഷ്യ, തായ്ലൻഡ്, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ജെർമനി, യുകെ എന്നിങ്ങനെയാണ് പട്ടികയിൽ സ്ഥാനം പിടിച്ച രാജ്യങ്ങൾ. ഇതിൽ കലിപൂണ്ട ഇന്ത്യക്കാർ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ പോസ്റ്റിനു താഴെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് കഴിഞ്ഞ ആഴ്ച കണക്കുകൾ പുറത്തു വന്നിരുന്നു. പക്ഷെ ഇമോജിയുടെ പട്ടികയിൽ ഇന്ത്യയ്ക്ക് സ്ഥാനമില്ലാത്ത് എന്തുകൊണ്ടാണെന്നാണ് ഇന്ത്യക്കാരുടെ ചോദ്യം.
ഇന്ത്യക്കാരാരും ഇമോജി ഉപയോഗിക്കുന്നില്ലെന്നാണോ നിങ്ങൾ കരുതുന്നത് എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ മറ്റൊരാൾ പറയുന്നത് ഇങ്ങനെയാണ്: “എവിടെയാണ് സുഹൃത്തേ ഇന്ത്യ? നിങ്ങൾക്ക് ഞങ്ങളുടെ രാജ്യത്തെ ഒഴിവാക്കാൻ സാധിക്കില്ല, കാരണം 1.3 ബില്യണ്‍ ആളുകൾ ഇന്ത്യയിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. നിങ്ങളിൽ നിന്നും കുറച്ചു കൂടി മാന്യത ഞങ്ങൾ പ്രതീക്ഷിക്കുന്നു..’