ഫേസ്ബുക്ക് ഇല്ലാതെ ഇന്ന് ആര്‍ക്കും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഫേസ്ബുക്കിലൂടെയാണ് ഇന്ന് പല രാഷ്ട്രീയ പോരാട്ടങ്ങള്‍ പോലും അരങ്ങേറുന്നത്. അപ്പോള്‍ തന്നെ ഊഹിക്കാവുന്നതേയുള്ളു, ഫേസ്ബുക്ക് എന്ന മാധ്യമം എത്രമാത്രം ജനങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത്. എന്നാല്‍ ഫേസ്ബുക്ക് ഇത്രയും പ്രശസ്തമായതിനു പിന്നില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അനുഭവിച്ച കഷ്ടപ്പാടുകള്‍ അനവധിയാണ്. അതേക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നതിങ്ങനെയാണ്. 2004 ല്‍ ഫേസ്ബുക്ക് തുടങ്ങി. കമ്മ്യൂണിറ്റി ബില്‍ഡിംഗും മറ്റ് പല പ്രവര്‍ത്തനങ്ങളുമായി ആക്ടീവായി വരുന്ന സമയം.
പത്ത് മില്യന്‍ ആളുകള്‍ മാത്രമായിരുന്നു അന്ന് ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നത്. ലോകം മുഴുവനുളള ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കൂടുതല്‍ എന്ത് ചെയ്യാം എന്ന ആലോചനയിലാണ് ഓരോ ദിവസവും ഓഫീസിലെത്തുന്നത്. യാഹൂ പോലൊരു വമ്പന്‍ കമ്പനിയുടെ ഓഫര്‍ ഫേസ്ബുക്കിനെ തേടിയെത്തുന്നത് ആ ഘട്ടത്തിലാണ്. എംപ്ലോയീസിനിടയിലും ഇന്‍വെസ്റ്റേഴ്സിലും ഇതേക്കുറിച്ച് വലിയ ഡിസ്‌കഷന്‍സ് നടന്നു. പലരും യാഹുവിന്റെ ഓഫറിനെ വലിയ കാര്യമായിട്ടാണ് കണ്ടത്. എന്നാല്‍ ഫേസ്ബുക്കിന് ഫ്യൂച്ചര്‍ ഉണ്ടെന്ന ഉറച്ച വിശ്വാസമായിരുന്നു തനിക്കെന്ന് സക്കര്‍ബെര്‍ഗ് പറയുന്നു. 10 മില്യന്‍ അല്ല ഫേസ്ബുക്കിന്റെ കസ്റ്റമേഴ്‌സെന്ന് തിരിച്ചറിഞ്ഞു. ലോകത്ത് ഇതില്‍ കൂടുതല്‍ ആളുകളെ കണക്ട് ചെയ്യാന്‍ കഴിയുമെന്ന ബോധ്യമുണ്ടായി.
ഒടുവില്‍ യാഹുവിന്റെ ഓഫര്‍ വേണ്ടെന്ന തീരുമാനമെടുത്തു. യാഹുവിന്റെ ഒരു ബില്യന്‍ ഡോളര്‍ ഓഫര്‍ നിരസിച്ചപ്പോള്‍ ജീവനക്കാര്‍ക്കും കമ്പനിയുടെ മാനേജ്മെന്റ് ചുമതലകളില്‍ ഉണ്ടായിരുന്നവര്‍ക്കും തന്റെ തീരുമാനം നിരാശയാണ് നല്‍കിയത്. ഒരു വര്‍ഷത്തിനുളളില്‍ തന്നെ മാനേജ്മെന്റ് ടീമിലെ മുഴുവന്‍ പേരും ഫേസ്ബുക്ക് ഉപേക്ഷിച്ചുപോയെന്ന് സക്കര്‍ബര്‍ഗ് ഓര്‍ക്കുന്നു. അതിജീവിക്കാന്‍ പ്രയാസപ്പെട്ട കഠിനമായ സമയങ്ങളിലൊന്നായിരുന്നു അത്. പക്ഷെ ഓഫര്‍ നിരസിച്ച് ഏതാനും മാസങ്ങള്‍ക്കുളളില്‍ തന്നെ അത് ശരിയായ തീരുമാനമാണെന്ന് ബോധ്യപ്പെട്ടു. ഇന്ന് താന്‍ ഒരുപാട് സന്തോഷത്തിലാണെന്നും അന്ന് തന്നെ ഉപേക്ഷിച്ചു പോയവരെല്ലാം ഇന്ന് എന്നോടൊപ്പമുണ്ടെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. അതിനുശേഷം പിന്നീടിങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.