പുൽപ്പള്ളി(വയനാട്): പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ കാപ്പിസെറ്റ് കന്നാരംപുഴയിൽ വെള്ളിയാഴ്ച രാത്രി അയൽവാസികൾ തമ്മിലുണ്ടായ വഴക്കിനിടെ ഒരാൾ വെടിയേറ്റു മരിച്ചു. ബന്ധുവിനു ഗുരുതര പരിക്കേറ്റു.
കന്നാരംപുഴ കാട്ടുമാക്കേൽ നിധിൻ എന്ന വർക്കിയാണ്(34) മരിച്ചത്. നിധിന്റെ പിതൃസഹോദരൻ കിഷോറിനാണ്(55)പരിക്ക്. ഇദ്ദേഹത്തെ മേപ്പാടി താഴെ അരപ്പറ്റ വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിധിന്റെ അയൽവാസി പുളിക്കൽ ചാർലിയെ(32)പോലീസ് അന്വേഷിച്ചുവരികയാണ്.
നാടൻതോക്കിനു നിധിനെയും കിഷോറിനെയും വെടിവച്ചശേഷം ചാർലി കർണാടക വനത്തിലേക്കു കടന്നതായാണ് സൂചന. കർണാടക അതിർത്തിയോടു ചേർന്നാണ് പുൽപ്പള്ളിയിൽനിന്നു ഏകദേശം ഏഴു കിലോമീറ്റർ അകലെയുള്ള കന്നാരംപുഴ.
രാത്രി പത്തോടെ കന്നാരംപുഴ ഗ്യാസ് ഗോഡൗണിനു സമീപമാണ് സംഭവം. കാപ്പിത്തോട്ടത്തോടു ചേർന്നു റോഡരികിലാണ് നിധിൻ വെടിയേറ്റു വീണത്. നിധിന്റെ ഇടതു നെഞ്ചിനും കിഷോറിന്റെ വയറിനുമാണ് വെടിയേറ്റത്. പ്രദേശവാസികൾ പുൽപ്പള്ളിയിലെയും തുടർന്നു ബത്തേരിയിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും നിധിൻ മരിച്ചു.
നിധിന്റെയും ചാർലിയുടെയും കുടുംബങ്ങൾക്കിടയിൽ ദീർഘകാലമായി അതിർത്തിത്തർക്കം നിലനിൽക്കുന്നുണ്ട്. സമീപകാലത്തു വീട്ടുകാർ തമ്മിലുണ്ടായ പ്രശ്നങ്ങൾ പൊതുപ്രവർത്തകർ ഇടപെട്ടാണ് ഒതുക്കിയത്.
മാനന്തവാടി എഎസ്പി വൈഭവ് സക്സേന, പുൽപ്പള്ളി സിഐ ഇ.പി. സുരേശൻ, എസ്ഐ പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചാർലിയെ പിടികൂടുന്നതിനുള്ള പോലീസ് നീക്കം.
ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തു പരിശോധന നടത്തി. വെടിവയ്പ്പിനു ഉപയോഗിച്ച തോക്ക് കണ്ടെത്താനായില്ലെന്നു പോലീസ് പറഞ്ഞു. ചാർലി വനത്തിൽ മൃഗവേട്ട നടത്താറുണ്ടെന്നാണ് പ്രദേശവാസികളിൽനിന്നു പോലീസിനു ലഭിച്ച സൂചന. കന്നാരംപുഴ കാട്ടുമാക്കേൽ പദ്മനാഭൻ-സരോജിനി ദന്പതികളുടെ മകനാണ് ബസ്-ടിപ്പർ-ടാക്സി ഡ്രൈവറായ നിധിൻ. ആതിരയാണ് ഭാര്യ. മകൾ: യാമി.