തൊടുപുഴ: കേരളം കണ്ട വലിയ ബോട്ടു ദുരന്തങ്ങളിലൊന്നായ തേക്കടി ബോട്ട് ദുരന്തം നടന്ന് 13 വര്‍ഷം പിന്നിട്ടപ്പോഴാണ് താനൂരില്‍ ബോട്ട് മറിഞ്ഞ് 22 പേര് മരിച്ച അപകടമുണ്ടായത്.
തേക്കടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ വിനോദസഞ്ചാരികളുമായി സര്‍വീസ് നടത്തുന്ന ബോട്ടുകളിലെല്ലാം സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം നിര്‍ദേശങ്ങളെല്ലാം പിന്നീടു പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങിയെന്നതാണ് താനൂര്‍ അപകടം സൂചിപ്പിക്കുന്നത്.
പല ജലാശയങ്ങളിലും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ഇത്തരത്തില്‍ വിനോദ സഞ്ചാരികളുമായി സര്‍വീസ് നടത്തുന്നുണ്ട്. ബോട്ടുകള്‍ക്കു പുറമെ വള്ളങ്ങളിലും വിനോദസഞ്ചാരികളെ കയറ്റുന്നുണ്ട്. അധികൃതരുടെ മൗനാനുവാദവും ഇതിനു ലഭിക്കുന്നതായും ആരോപണമുണ്ട്.
2009 സെപ്റ്റംബര്‍ 30ന് ആയിരുന്നു വിദേശികള്‍ ഉള്‍പ്പെടെയുള്ള 46 പേരുടെ ജീവന് കവര്‍ന്ന തേക്കടി ജലാശയ ദുരന്തം ഉണ്ടാകുന്നത്. വിനോദസഞ്ചാര വകുപ്പിന്റെ ജലകന്യക ബോട്ട് യാത്രയുടെ അവസാനഘട്ടത്തിലേക്കു കടക്കുന്നതിന് മിനിറ്റുകള്‍ക്കു മുമ്പായിരുന്നു ദുരന്തം.
തേക്കടി ബോട്ട് ലാന്‍ഡിംഗിനും അണക്കെട്ടിനും ഇടയിലുള്ള മണക്കവല ഭാഗത്ത് ബോട്ട് തിരിക്കുന്നതിനിടെ തലകീഴായി വെള്ളത്തിലേക്കു മറിയുകയായിരുന്നു. അപകടം നടന്നതു വൈകിട്ടായതിനാൽ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമായിരുന്നു.
ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണു മരിച്ചത്. ഏഴു കുട്ടികളും 23 സ്ത്രീകളും അപകടത്തില്‍ മരിച്ചു.
നീന്തല്‍ വശമുണ്ടായിരുന്നവര്‍ പോലും തലകീഴായി മറിഞ്ഞ ബോട്ടിന്റെ ഹള്ളിനുള്ളില്ക്കുടുങ്ങി രക്ഷപ്പെടാന്‍ കഴിയാതെ ദാരുണമായി മരണത്തിനു കീഴടങ്ങി.
ബോട്ടിന്റെ മുന്‍ഭാഗത്തെ ചില്ലു തകര്‍ത്താണ് ഡ്രൈവറും ലസ്കറും മറ്റ് ബോട്ടിലെ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് നാല്‍പ്പതോളം പേരെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു പുറമെ ജുഡീഷ്യല്‍ അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
സംഭവത്തില്‍ ബോട്ട് ഡ്രൈവര്‍, ബോട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍, ബോട്ട് നിര്‍മാതാക്കള്‍, ഗുണനിലവാരം പരിശോധിക്കാതെ നീറ്റിലിറക്കാന്‍ അനുമതി നല്കിയവര് ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്തിരുന്നു.
അനുവദനീയമായ എണ്ണത്തിലും കൂടുതല്‍ സഞ്ചാരികളെ കയറ്റിയതാണ് അപകടത്തിനു കാരണമായതെന്നായിരുന്നു വിലയിരുത്തല്‍.ഈ സംഭവത്തിനു ശേഷമാണ് വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ സര്‍വീസ് നടത്തുന്ന ജലയാനങ്ങള്ക്കായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
യാത്രക്കാര്‍ക്കായി ലൈഫ് ജാക്കറ്റുകള്‍, ലൈഫ് ഗാര്‍ഡുകളുടെ സേവനം ഉള്‍പ്പെടെ എല്ലാ സുരക്ഷാമാര്‍ഗങ്ങളും സ്വീകരിക്കണമെന്ന കര്‍ശന നിര്‍ദേശം നല്കി.
ബോട്ടിന്റെ കാര്യക്ഷമത ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ജലയാനങ്ങള്‍ അനുവദനീയമായ അളവിലും കൂടുതല്‍ യാത്രക്കാരെ കുത്തിനിറച്ച് സര്‍വീസ് നടത്തുന്നത്.