മുസ്ലിം വ്യക്തിനിയമം അനുസരിച്ച് പതിനഞ്ചു വയസ്സായ പെണ്‍കുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹിതായാകാമെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി.
മാതാപിതാക്കളുടെ എതിര്‍പ്പിന് ഇതില്‍ പ്രസക്തിയൊന്നുമില്ലെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ ദ്വിവേദി വിധിന്യായത്തില്‍ പറഞ്ഞു.
പതിനഞ്ചു വയസ്സായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
മുസ്ലിം വ്യക്തി നിയമം അനുസരിച്ച് പതിനഞ്ചു വയസ്സു പൂര്‍ത്തിയായ പെണ്‍കുട്ടിക്കു വിവാഹം കഴിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇവിടെ ഹര്‍ജിയില്‍ പറയുന്ന പെണ്‍കുട്ടിക്കു പതിനഞ്ചു വയസ്സു തികഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കേസ് നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.
മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
പെണ്‍കുട്ടി സ്വമനസ്സാലെ തന്നോടൊപ്പം വന്നതാണെന്നും വിവാഹം കഴിഞ്ഞതായും ഭര്‍ത്താവ് കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയും കോടതിയില്‍ ഇക്കാര്യം സമ്മതിച്ചു.
വിവാഹത്തോടു വീട്ടുകാരുടെ എതിര്‍പ്പു ഇല്ലാതായതായും പെണ്‍കുട്ടി അറിയിച്ചു. പിന്നീട് പിതാവിന്റെ അഭിഭാഷകനും സമാനമായ നിലപാട് കോടതിയില്‍ സ്വീകരിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്.
നേരത്തെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉള്‍പ്പെടെ വിവിധ ഹൈക്കോടതികള്‍ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ വിവാഹിതയായാല്‍ പോലും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായുള്ള ലൈംഗിക ബന്ധം പോക്സോ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് അടുത്തിടെ കേരള ഹൈക്കോടതി വിധിച്ചിരുന്നു.
വ്യക്തിനിയമത്തേക്കാള്‍ മുകളിലാണ് പോക്സോയെന്നു കര്‍ണാടക ഹൈക്കോടതിയും നിരീക്ഷിച്ചിട്ടുണ്ട്.