മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണാകുറ്റത്തിനു നടി റിയ ചക്രബർത്തിക്കെതിരേ ബിഹാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ റിയയെ കാണാതായെന്ന പോലീസിന്റെ അവകാശവാദം പൊള്ളയാണെന്ന് റിയയുടെ അഭിഭാഷകൻ സതീഷ് മൈനേ ഷിൻഡെ.
റിയയ്ക്കു പോലീസ് സമൻസ് അയച്ചിട്ടില്ല. കേസ് മുംബൈയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് റിയ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളതിനാൽ ബിഹാർ പോലീസിന് കേസ് അന്വേഷിക്കാനാവില്ലെന്നു സതീഷ് പറഞ്ഞു.
സുശാന്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമുള്ള 20 പേരുള്ള ലിസ്റ്റിൽ റിയയുടെ പേരില്ലാത്തതിനാലാണ് അവർ പങ്കെടുക്കാത്തതെന്നും സതീഷ് പറഞ്ഞു. സുശാന്തിന്റെ അച്ഛന്റെ പരാതിയിൽ റിയ ചക്രവർത്തിക്കും കുടുംബാംഗങ്ങൾക്കും എതിരെ ബിഹാർ പോലീസ് കേസെടുത്തിരുന്നു.
റിയയെ മുംബൈ പോലീസ് രണ്ടുതവണ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ തങ്ങൾക്ക് അവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബിഹാർ പോലീസ് പറഞ്ഞിരുന്നു.
സുശാന്ത് സിംഗിനെ കഴിഞ്ഞ 14 നാണു ബാന്ദ്രയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു കൈമാറണമെന്ന് ആവശ്യമുയർന്നിട്ടുണ്ടെങ്കിലും അതു വേണ്ടെന്നാണ് മഹാരാഷ്ട്രയുടെ നിലപാട്.