അഫ്ഗാനില്‍ താലിബാന്റെ കാട്ടുഭരണം തിരികയെത്തിയതോടെ രാജ്യത്ത് സ്ത്രീകളുടെ ജീവിതം നരകതുല്യമായിത്തീര്‍ന്നു.
വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയവ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ട പ്രഖ്യാപനങ്ങളും വന്നിരുന്നു.
ഇതോടൊപ്പം സാമ്പത്തിക പ്രതിസന്ധി കൂടി രൂക്ഷമായതോടെ പല കുടുംബങ്ങളും പട്ടിണിമാറ്റാനായി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വില്‍ക്കുകയാണ് ഇപ്പോള്‍.
കുടിയൊഴിക്കപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളിലാണ് ഇത്തരം പ്രതിസന്ധികള്‍ കൂടുന്നത്. ദാരിദ്ര്യവും പട്ടിണിയും സഹിക്കാതെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ സംരക്ഷിക്കാന്‍ പെണ്മക്കളെ അവരേക്കാള്‍ രണ്ടും മൂന്നും ഇരട്ടി പ്രായമുള്ളവര്‍ക്ക് വിവാഹത്തിന്റെ പേരില്‍ വില്പനയ്ക്കു വെക്കുകയാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
അത്തരത്തില്‍ ഹൃദയം തകര്‍ക്കുന്നൊരു അനുഭവമാണ് പര്‍വാന മാലിക് എന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന് പറയാനുള്ളത്.
ഒമ്പതുകാരിയായ പര്‍വാനയെ അമ്പത്തിയഞ്ചുകാരനായ ഖുര്ബാന് ഇക്കഴിഞ്ഞ മാസമാണ് കുടുംബം വിറ്റതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എട്ട് അംഗങ്ങളുള്ള പര്‍വാനയുടെ കുടുംബത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. ഇതോടെയാണ് മകളെ വില്ക്കാന് തീരുമാനിച്ചതെന്ന് പിതാവ് അബ്ദുള്‍ മാലിക് പറയുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അബ്ദുള്‍ മാലിക് തന്റെ പന്ത്രണ്ടുകാരിയായ മകളെ പണം വാങ്ങി മറ്റൊരാള്‍ക്ക് വിറ്റത്. ഇപ്പോള്‍ വീണ്ടും തന്റെ മറ്റൊരു മകളെ കൂടി വില്ക്കാന് നിര്‍ബന്ധിതനായിരിക്കുകയാണ് മാലിക്.
കുറ്റബോധത്തോടെയും ഹൃദയവേദനോടെയും ആശങ്കയോടെയുമാണ് താന്‍ പെണ്മക്കളെ വിറ്റതെന്നും അത് ബാക്കിയുള്ള കുടുംബം ജീവനോടെയിരിക്കാന്‍ വേണ്ടിയാണെന്നും മാലിക് പറഞ്ഞു.
തനിക്ക് അധ്യാപികയാവാന്‍ ആയിരുന്നു മോഹമെന്ന് പര്‍വാന പറയുന്നു. പക്ഷേ കുടുംബം സാമ്പത്തിക പ്രതിസന്ധിയില്‍ ആയതോടെ ആ മോഹം പാതിവഴിയിലായി.
2,00,000 അഫ്ഗാനി അഥവാ ഒരുലക്ഷത്തി അറുപത്തിനാലായിരത്തോളം രൂപയാണ് മകളെ വിറ്റതിന് ഖുര്‍ബാനില്‍ നിന്ന് മാലിക്കിന് ലഭിച്ചത്. മകളെ കൊണ്ടുപോകുന്ന ഖുര്‍ബാനോട് ഇതു നിങ്ങളുടെ വധു ആണെന്നും അവളെ സംരക്ഷിക്കണമെന്നുമാണ് മാലിക് പറഞ്ഞത്.
പര്‍വാനയെപ്പോലെ നിരവധി പെണ്‍കുട്ടികള്‍ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ബലിയാടാക്കപ്പെടുന്നുണ്ടെന്നാണ് അഫ്ഗാനില്‍ നിന്നു പുറത്തുവരുന്ന വാര്‍ത്തകള്‍.
പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം കൂടി താലിബാന് നിഷേധിച്ചതോടെ മിക്ക കുടുംബങ്ങളും പെണ്‍കുട്ടികളെ നേരത്തേ വിവാഹം കഴിപ്പിക്കുന്ന പ്രവണതയും ഏറുന്നുണ്ട്.