ബൈജു ബാപ്പുട്ടി
കോഴിക്കോട്: എഴുപത്തിനാല് വയസുകാരനും രണ്ടുതവണ കോഴിക്കോട് മേയറുമായിരുന്ന സിപിഎം സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രനെ നേരിടാൻ 28കാരനും കെഎസ്യു സംസ്ഥാന പ്രസിഡന്റുമായ കെ.എം.അഭിജിത്ത്.
ബിജെപി എ-ക്ലാസ് മണ്ഡലമായി പരിഗണിക്കുന്നതിനാൽ കളത്തിലിറങ്ങാൻ 50കാരനായ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശും! കോഴിക്കോട് നോർത്തിൽ വിജയം പ്രവചിക്കാൻ ഇനിയെങ്ങനെ കഴിയും?
ഇടതു രാവണൻകോട്ട ആര് വാഴും?
ഇടതിന്റെ രാവണൻകോട്ടയെന്ന് അവകാശപ്പെടുന്പോഴും പുതിയ സാധ്യതകളും ചെറുപ്പത്തിന്റെ സ്വീകാര്യതയും ആവേശവും ഇടതുതേരോട്ടത്തെ പിടിച്ചുകെട്ടുകതന്നെചെയ്യുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. ആ കണക്കുകൂട്ടൽ ശരിയായാൽ 20 വർഷത്തിനിപ്പുറം കോൺഗ്രസിനു ചുവടുറപ്പിക്കാം. 1991ല്‍ എ. സുജനപാല്‍ വിജയിച്ചതാണ് മണ്ഡലത്തിലെ കോൺഗ്രസിന്റെ അവസാന സാന്നിധ്യം.
കഴിഞ്ഞതവണ 30,000ത്തിനടുത്ത് വോട്ടുകൾനേടിയ മണ്ഡലത്തിൽ ബിജെപിക്കും പ്രതീക്ഷയുണ്ട്. അതുകൊണ്ടുതന്നെ മത്സരത്തെ ഗൗരവമായികണ്ട് മുന്നേറാനാണ് ബിജെപി പ്ലാൻ. ശബരിമല വിഷയവും വിശ്വാസികളുടെ അവകാശസംരക്ഷണവും ഉയർത്തി വോട്ടർമാരെ സമീപിക്കുകയാണിവർ.
വിശ്വാസിയും ദേവസ്വംബോർഡ് മുൻ ചെയർമാനും കൂടിയായ തോട്ടത്തിൽ രവീന്ദ്രനെ ഫീൽഡിലിറക്കിയതിനുപിന്നിൽ എൽഡിഎഫ് ലക്ഷ്യം വയ്ക്കുന്നതും ഇതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള വിശകലനത്തിൽ ബിജെപി വോട്ട് സിപിഎമ്മിലേക്ക് പോയി, സിപിഎം വോട്ട് ബിജെപിയിലേക്ക് ഒഴുകി തുടങ്ങിയ ആരോപണങ്ങൾ ഇതോടെ ഒഴിവാകുമെന്നാണ് വോട്ടർമാരുടെ കണക്കുക്കൂട്ടൽ.
യുവത്വത്തിന്റെ ഊർജം വോട്ടാക്കാൻ കോൺഗ്രസ്
അനുഭവ സന്പന്നരായ സീനിയർ നേതാക്കൾക്കെതിരെ ചുറുചുറുക്കുള്ള ചെറുപ്പക്കാരെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കുകയെന്ന തന്ത്രമാണ് കോൺഗ്രസ് പയറ്റുന്നത്. തിരുവനന്തപുരത്ത് മേയറായ ആര്യ രാജേന്ദ്രനെപോലെ കെഎസ്യുവിലെ അഭിജിത്ത് കോഴിക്കോട് നോർത്തിലെ താരമാകുമെന്നാണ് യുഡിഎഫ് നേതാക്കൾ കട്ടായം പറയുന്നത്.
ഇടത്തോട്ടും വലത്തോട്ടും
1957 മുതല്‍ കോഴിക്കോട് ഒന്ന് എന്നറിയപ്പെട്ടിരുന്ന മണ്ഡലം അതിര്‍ത്തി മാറ്റത്തോടെ 2011 മുതലാണ് കോഴിക്കോട് നോര്‍ത്ത് എന്ന പേരിലറിയപ്പെടാന്‍ തുടങ്ങിയത്. 1957 ല്‍ കോണ്‍ഗ്രസിന്റെ ഒ.ടി.ശാരദാ കൃഷ്ണനായിരുന്നു ആദ്യമായി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.
1960ലും കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി. 1965ല്‍ സിപിഎമ്മിന്റെ പി.സി.രാഘവന് നായര്‍ വിജയിച്ചതോടെ മണ്ഡലം ഇടത്തോട്ട് നീങ്ങി. 1967 ലും സിപിഎം മണ്ഡലം നിലനിര്‍ത്തിയെങ്കിലും 1970ല്‍ വീണ്ടും കോണ്‍ഗ്രസിനൊപ്പം നിന്നു.
1977ല്‍ സിപിഎം വീണ്ടും തിരിച്ചെത്തി. 1980ലും 82ലും 87ലും തുടര്‍ച്ചയായി സിപിഎം മണ്ഡലത്തില്‍ വിജയിച്ചു. എന്നാല്‍ 1991ല്‍ എ. സുജനപാല്‍ മത്സരിച്ചതോടെ മണ്ഡലം വീണ്ടും കോണ്‍ഗ്രസിനൊപ്പമായി.2006 മുതല്‍ എ.പ്രദീപ്കുമാറായിരുന്നു സിപിഎം സ്ഥാനാര്‍ഥി. പിന്നീട് 2011 ലേയും 2016ലേയും തെരഞ്ഞെടുപ്പില്‍ പ്രദീപ് മണ്ഡലത്തെ ഒപ്പം നിര്‍ത്തി.
2016 -ൽ 64,192 വോട്ട്നേടിയാണ് പ്രദീപ്കുമാര്‍ വിജയിച്ചത്. യുഡിഎഫിലെ പി.എം. സുരേഷ്ബാബുവിന് 36,319 വോട്ടായിരുന്നു നേടാനായത്. ബിജെപിയുടെ കെ.പി.ശ്രീശന് 29,860 വോട്ടും ലഭിച്ചിരുന്നു.അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്ന് യുഡിഎഫിന് 54,246 വോട്ടുകള്‍ ലഭിച്ചപ്പോൾ എല്‍ഡിഎഫിന് 49,688 വോട്ട് മാത്രമാണ് ലഭിച്ചത്.
എന്‍ഡിഎയ്ക്കാകട്ടെ 28,665 വോട്ടും. ഇത്തവണത്തെ തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ട് നില കണക്കിലെടുത്താൽ മണ്ഡലത്തില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നിലാണ്. മണ്ഡലത്തിലെ 28 വാര്‍ഡുകളില്‍ 18 ഉം എല്‍ഡിഎഫാണ് വിജയിച്ചത്. അഞ്ച് വാര്‍ഡുകളില്‍ യുഡിഎഫും അഞ്ചു വാര്‍ഡുകളില്‍ ബിജെപിയുമാണ് വിജയിച്ചത്.