ചെറായി: എൺപതു കഴിഞ്ഞ വയോധികര്‍ക്കു അനുവദിച്ചിട്ടുള്ള പോസ്റ്റൽ വോട്ടിന്റെ ആനുകൂല്യത്തില്‍ കുഴുപ്പിള്ളിയില്‍ 45കാരൻ വീട്ടിലിരുന്നു വോട്ട് ചെയ്തതായി പരാതി.
വോട്ടറും ഉദ്യോഗസ്ഥരും ബോധപൂര്‍വം ഒത്തുകളിച്ച് പോളിംഗിലെ നിഷ്പക്ഷതയും രഹസ്യ സ്വഭാവവും ഇല്ലാതാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പരാതിക്കാരായ യുഡിഎഫ് ആരോപിക്കുന്നത്.
കുഴുപ്പിള്ളി പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ വോട്ടറാണ് തെരഞ്ഞെടുപ്പു കമ്മീഷന് അനുവദിക്കാത്ത ആനുകൂല്യത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. 80 വയസിനു താഴെയുള്ളവര്‍ക്ക് ഇങ്ങനെ വോട്ട് ചെയ്യണമെങ്കില്‍ വോട്ടര്‍ കോവിഡ് ബാധിതനോ ക്വാറന്റൈനില്‍ കഴിയുന്നയാളോ ഭിന്നശേഷിക്കാരനോ ആയിരിക്കണം.
എന്നാല്‍ ഇയാള്‍ ഈ ഗണങ്ങളില്‍ പെടുന്നയാളല്ല. അതേ സമയം ഇയാളുടെ വോട്ടേഴ്സ് ലിസ്റ്റില്‍ കാണിച്ചിട്ടുള്ള വയസ് 85 ആണ്.ഈ സാഹചര്യത്തിലാണ് ഇയാള്‍ പോസ്റ്റല്‍ വോട്ടിനു അപേക്ഷിച്ചത്.
എന്നാല്‍ വീട്ടിലെത്തിയ പോളിംഗ് ഓഫീസറും ബിഎല്‍ഒയും ആളെ നേരില്‍ കണ്ട് ബോധ്യം വന്നിട്ടും ഡി ഫോം നല്കി വോട്ട് ചെയ്യാന്‍ അനുവദിക്കുകയായിരുന്നുവെന്ന് പരാതിയുമായി രംഗത്തെത്തിയിട്ടുള്ള യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി വൈപ്പിന്‍ മണ്ഡലം ജനറല്‍ കണ്‍വീനര്‍ വി.എസ്. സോളിരാജ് ആരോപിച്ചു.
നാൽപ്പത്തഞ്ചുകാരന്റെ ഭാര്യക്ക് ഇതേ ബൂത്തില്‍ തന്നെ ഇരട്ട വോട്ടുകളും ഉണ്ടെന്ന് യുഡിഎഫ് കണ്ടെത്തിയിട്ടുള്ളതാണ്. സംഭവത്തെക്കുറിച്ച് വരണാധികാരിക്കു പരാതി നല്‍കുമെന്നും യുഡിഎഫ് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.