സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ‘മന്തിചര്ച്ച’യുടെ കാലമാണ്. കുഴിമന്തി ഇത്ര വലിയ സംഭവമാണോയെന്ന് ചിന്തിപ്പിക്കുന്നതാണ് ചര്‍ച്ചകള്‍.
‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ റിലീസ് സമയത്തെ ഓര്‍മ്മിപ്പിക്കും വിധം ‘കുഴി’ ആണ് പ്രധാന ചര്‍ച്ചാവിഷയം.
ഒരിടവേളയ്ക്കു ശേഷം ‘കുഴി’ യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത് നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന് ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റാണ്.
തന്നെ ഒരു ദിവസത്തേക്കു കേരളത്തിന്റെ ഏകാധിപതിയാക്കിയാല്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേരു നിരോധിക്കുകയാവും എന്നാണ് ശ്രീരാമന്റെ പോസ്റ്റ്.
മലയാള ഭാഷയെ മാലിന്യത്തില്‍ നിന്നു മോചിപ്പിക്കാനുള്ള നടപടിയാവും ഇതെന്നും തന്റെ പോസ്റ്റില്‍ ശ്രീരാമന് പറയുന്നു. പറയരുത്, കേള്‍ക്കരുത്, കാണരുത് കുഴിമന്തിയെന്ന് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന് പറയുമ്പോള്‍ പോസ്റ്റിന് താഴെ മയോണൈസും സലാഡും ചേര്‍ത്ത കമന്റുകള്‍ നിറയുകയാണ്.
https://www.facebook.com/sreeraman.vk/posts/3140041476210221
പറയുമെന്നും കേള്‍ക്കുമെന്നും കഴിക്കുമെന്നും കുറെപ്പേര് കമന്റിടുമ്പോള്‍ ഇത് പണ്ടേ നിരോധിക്കേണ്ടതാണെന്ന അഭിപ്രായം പങ്കുവെക്കുന്നവരുമുണ്ട്.
അതേസമയം വിഷയത്തെ മുന്‍നിര്‍ത്തിയുള്ള മുരളി തുമ്മാരുകുടിയുടെ മറുപടി പോസ്റ്റും ശ്രദ്ധേയമായി. കുഴിയിലാണെങ്കിലും പുറത്താണെങ്കിലും മന്തിക്ക് ഒപ്പമെന്ന തലക്കെട്ടോടുകൂടിയാണ് മുരളി തുമ്മാരുകുടിയുടെ പോസ്റ്റ്.
കുഴിമന്തിയുടെ കേരളത്തിലെ സ്വീകാര്യതയും അതിന്റെ രുചിവൈഭവവുമടക്കമാണ് തുമ്മാരുകുടുയുടെ പോസ്റ്റ്.
https://www.facebook.com/thummarukudy/posts/10227050329459495
യെമനില്‍ നിന്നു വന്ന ഒരു ഭക്ഷണമാണ് മന്തിയെന്നും മണ്ണില്‍ കുഴിയുണ്ടാക്കി മരക്കരിയില്‍ മണിക്കുറുകള്‍ എടുത്ത് വേവിച്ച് ഉണ്ടാക്കുന്ന മന്തി അതീവ രുചികരമാണെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.
കുഴിയില്‍ ഉണ്ടാക്കുന്നതിനാലാണ് കേരളത്തില്‍ ഇത് കുഴിമന്തി ആയത്. ഇത്രയും വേഗത്തില്‍ മലയാളികളുടെ രുചിയെ കീഴടക്കിയ മറ്റൊരു വിഭവമില്ല. ഇങ്ങനെ പോകുന്നു മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തന്റെ പോസ്റ്റിലൂടെ ശ്രീരാമന് തുടങ്ങിവച്ചത് ഭാഷാ ചര്‍ച്ചയാണെങ്കിലും സംഭവം ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്.