പോലീസ് കായികക്ഷമത പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന് ഉയരം കൂട്ടാന്‍ തലമുടിയില്‍ എം-സീല്‍ വാക്സ് ഒട്ടിച്ച് യുവതി.
തെലങ്കാനയിലെ മെഹ്ബൂബ്നഗറില്‍ നടന്ന പോലീസ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കുള്ള യോഗ്യതാ പരീക്ഷയ്ക്കിടെയാണ് സംഭവം.
ഓട്ടോമാറ്റിക്കായി ഉയരം അളക്കുന്ന ഇലക്ട്രോണിക് ഉപകരണം ഉദ്യോഗാര്‍ത്ഥിയുടെ ഉയരം രേഖപ്പെടുത്താതെ വന്നതോടെയാണ് യുവതി പിടിയിലായത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുടിക്ക് താഴെ എം-സീല്‍ ഒട്ടിച്ചതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയെ അയോഗ്യയാക്കി.
”ഉദ്യോഗാര്‍ത്ഥിയുടെ ഉയരം അളക്കുന്നതിന് ഇലക്ട്രോണിക് ഉപകരണത്തിന് മുന്നില്‍ നിര്‍ത്തിയെങ്കിലും ഉപകരണം റീഡിംഗ് ഒന്നും കാണിച്ചില്ല. ഈ സമയം അവിടെ ഉണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥ ഉദ്യോഗാര്‍ത്ഥിയുടെ തല പരിശോധിക്കുമ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. കൂടുതല്‍ ഉയരം കിട്ടാന്‍ മുടിയിഴകള്‍ക്കുള്ളില്‍ എം സീല്‍ വാക്സ് തേച്ച് പിടിപ്പിക്കുകയായിരുന്നു”മെഹ്ബൂബ് നഗര്‍ എസ്പി വെങ്കടേശ്വരലു പറഞ്ഞു.
ഉയരം അളക്കുന്ന ഇലക്ട്രോണിക് ഉപകരണത്തില്‍ ഉദ്യോഗാര്‍ത്ഥി നില്ക്കുമ്പോള്, സെന്‍സറുകള്‍ പ്രതികരിക്കുകയും ഉയരവും ഭാരവും ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
തലയും കാലും പൂര്‍ണമായി ഉപകരണത്തില്‍ സ്പര്‍ശിച്ചിരിക്കണം. എങ്കില്‍ അളവില്‍ പിഴവുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക് ഉപകരണം കാരണമാണ് യുവതി പിടിക്കപ്പെട്ടത്. അല്ലെങ്കില്‍ ഈ തട്ടിപ്പില്‍ അവര്‍ വിജയിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവതിയെ ഉടന്‍ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാക്കി. എസ്പിയുമായി കൂടിയാലോചിച്ച ശേഷം യുവതിയെ അയോഗ്യയാക്കി.
ശാരീരിക അളവുകള്‍ പരിശോധിക്കുന്നതിനും കൃത്യതയ്ക്കായി വിവിധ പരിശോധനകള്‍ നടത്തുന്നതിനും ഇപ്പോള്‍ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതിനാല്‍ യാതൊരു തട്ടിപ്പും നടത്താന്‍ സാധിക്കില്ലെന്നും എസ്പി പറഞ്ഞു.