ചെങ്കണ്ണ് മറ്റൊരാളിലേക്ക് പകരാതിരിക്കാൻ രോഗമുള്ളയാൾ തന്നെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. രോഗി ഉപയോഗിക്കുന്ന തൂവാല, തോർത്ത്, മറ്റു വസ്ത്രങ്ങൾ, തലയിണ, പാത്രങ്ങൾ, കണ്ണട, മൊബൈൽ ഫോൺ, കീബോർഡ്, ലാപ്ടോപ്പ്, റിമോട്ട് കണ്ട്രോൾ തുടങ്ങിയവയിലൂടെ രോഗം മറ്റൊരാളിലേക്ക് പകരാം.
പൊതുവാഹനങ്ങളിൽ യാത്ര വേണ്ട
രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനായി ഒരാഴ്ചയോളം ശ്രദ്ധിക്കണം. പ്രത്യേകിച്ചും പൊതു വാഹനങ്ങളിലുള്ള യാത്രകൾ ഒഴിവാക്കുകയും ആൾക്കാർ കൂടുന്ന യോഗങ്ങളിലും കോളേജിലും സ്കൂളിലും മറ്റും പോകാതിരിക്കുകയും വേണം.
വലിപ്പമുള്ള കണ്ണട
പൊടിയിൽ നിന്നുള്ള സംരക്ഷണത്തിനും കണ്ണിലേക്കടിക്കുന്ന പ്രകാശത്തിന്റെ അളവ് കുറയ്ക്കുന്നതിനും വലുപ്പമുള്ള കണ്ണട ഉപയോഗിക്കുന്നതാണ് ഉചിതം.
ചെയ്യരുത്….
കംപ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവ ഉപയോഗിക്കുകയോ നല്ല പ്രകാശമുള്ള വസ്തുക്കളിലേക്ക് നോക്കുകയോ വെയിൽ കൊള്ളുകയോ ചൂടുവെള്ളത്തിൽ കുളിക്കുകയോ അധികം എരിവും ചൂടും പുളിയുമുള്ളവ കഴിക്കുകയോ ചെയ്യരുത്.
സ്വയംചികിത്സ ഒഴിവാക്കാം
രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കണ്ണ് കഴുകി വൃത്തിയാക്കണം. ആയുർവേദ തുള്ളിമരുന്ന് ഉപയോഗിക്കണം. ഉച്ചയ്ക്കും രാത്രിയും കണ്ണിൽ മരുന്ന് ഒഴിക്കേണ്ടതില്ല. മറ്റ് സമയങ്ങളിൽ ഒന്നോ രണ്ടോ തുള്ളി വീതം ഇറ്റിക്കണം.
ആയുർവേദ മരുന്നുകൾ മാത്രം മതിയാകും ചെങ്കണ്ണ് ശമിപ്പിക്കുന്നതിന്. എന്നാൽ, സ്വയം ചികിത്സയിലൂടെ ചെങ്കണ്ണ് അപകടാവസ്ഥയിലേക്കും മാറാം.
ശ്രദ്ധിക്കുക…
ചെങ്കണ്ണ് പിടിപെടാതിരിക്കണമെങ്കിൽ എരിവും പുളിയും ഉപ്പും ചൂടും മാംസാഹാരവും കുറയ്ക്കുക, ശരിയായ മലശോധന ലഭിക്കുന്ന വിധം ഭക്ഷണം കഴിക്കുക, രോഗമുള്ളവരിൽ നിന്ന് അകന്നിരിക്കുക, തുളസിയിലനീര് കണ്ണിലൊഴിക്കുക എന്നിവയും ശ്രദ്ധിക്കണം.
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481