സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ.) ബാധിതനായ കുഞ്ഞ് നിര്‍വാന്റെ ചികിത്സാ ചെലവിലേക്ക് 11 കോടി രൂപ സംഭാവന ചെയ്ത് അജ്ഞാതനായ ഒരു മനുഷ്യസ്നേഹി.
15 മാസം പ്രായമുള്ള നിര്‍വാന്റെ ചികിത്സയ്ക്ക് അമേരിക്കയില്‍നിന്ന് മരുന്നെത്തിക്കാന്‍ 17.4 കോടി രൂപയാണ് വേണ്ടിയിരുന്നത്.
നിര്‍വാനെ അറിയുന്നവരും അറിയാത്തവരുമായി ലോകത്തെ പലഭാഗങ്ങളില്‍ നിന്നുള്ള നിരവധിപേര്‍ സാമ്പത്തികസഹായം നല്കുകയുണ്ടായി.
ഏകദേശം 72000 ആളുകള്‍ ചെറുതും വലുതമായ സഹായം നല്‍കിയിട്ടുണ്ടെന്നാണ് നിര്‍വാന്റെ മാതാപിതാക്കളായ സാരംഗ് മേനോന്-അദിതി ദമ്പതികള്‍ പറയുന്നു.
എന്നാല്‍ ഒരു വ്യക്തി 11 കോടി രൂപ നല്‍കിയതോടെ മരുന്നിന് ഇനി വേണ്ട തുക ഒരു കോടിയില്‍ താഴെയായി കുറഞ്ഞിരിക്കുകയാണ്.
തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടരുതെന്ന് പറഞ്ഞാണ് നിര്വാന് വേണ്ടിയുള്ള പണം കൈമാറിയിരിക്കുന്നത്.
ഇതോടെ 17.5 കോടിയുടെ മരുന്നിന് ഇനി വേണ്ടത് ഒരുകോടിയില്‍ താഴെ രൂപയാണ്. മാതാപിതാക്കളായ തങ്ങള്‍ക്കുപോലും തുക കൈമാറിയയാളെ കുറിച്ച് വിവരമില്ലെന്ന് സാരംഗ് മേനോന്-അദിതി ദമ്പതികള്‍ പറയുന്നു.
തങ്ങള്‍ക്ക് പോലും തുക തന്നത് ആരാണെന്ന് അറിയില്ല. മിലാപ് എന്ന ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോം വഴിയാണ് തുക സ്വരൂപിച്ചത്.
തുക നല്കിയ വ്യക്തി അവരെയാണ് ബന്ധപ്പെട്ടിട്ടുള്ളത്. ആരാണെന്നോ എന്താണെന്നോ എന്നൊന്നും കുട്ടിയുടെ മാതാപിതാക്കള്‍ പോലും അറിയരുതെന്നാണ് അയാള്‍ പറഞ്ഞിട്ടുള്ളത്.
പ്രശസ്തിയുടെ ആവശ്യമില്ലെന്നും വാര്‍ത്ത കണ്ടപ്പോള്‍ കുഞ്ഞ് നിര്വാന് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നുമാത്രമാണ് മനസ്സിലുള്ളതെന്നും തുക നല്‍കിയയാള്‍ പറഞ്ഞിരുന്നുവെന്നാണ് ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോമില്‍ നിന്നറിയിച്ചത്. സാരംഗ് പറയുന്നു.
എത്രയും വേഗം കുഞ്ഞിനുള്ള മരുന്ന് മേടിക്കണം എന്നതാണ് അടുത്ത കടമ്പയെന്നും സാരംഗ് പറയുന്നു. യു.എസില്‍ നിന്നാണ് മരുന്ന് വരുത്തിക്കുന്നത്, ഇത്രയും വലിയൊരു തുക യു.എസ് ഡോളറിലേക്ക് കണ്‍വെര്‍ട്ട് ചെയ്യുമ്പോള്‍ ഓരോ ബാങ്കിനും ഓരോ ചാര്‍ജാണ്.
ബാങ്ക് ചാര്‍ജ് കൂടുന്നതിന് അനുസരിച്ച് തുക കൂടും. അതു കൂടി കണ്ടെത്തേണ്ടി വരും. എങ്കിലും ഒരുകോടിയില്‍ താഴെ മാത്രമേ വരൂ.
അത് സ്വന്തം നിലയില്‍ കണ്ടെത്താമെന്നാണ് കരുതുന്നതെന്നും അതിനായി അല്പം കൂടി സാവകാശം ചോദിക്കുമെന്നും സാരംഗ് പറഞ്ഞു.
ഇത്രയും വലിയൊരു തുക എങ്ങനെയെങ്കിലും കണ്ടെത്താമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും പക്ഷേ അത് ഇത്ര എളുപ്പത്തില്‍ ആകുമെന്ന് കരുതിയിരുന്നില്ലെന്നും സാരംഗ് വ്യക്തമാക്കി.
ആറുമാസത്തെ സമയപരിധിക്കുള്ളില്‍ തുക കണ്ടെത്താമെന്നാണ് കരുതിയിരുന്നത്. മരുന്ന് കിട്ടാന്‍ ഇരുപത് ദിവസമെടുക്കും.
നിര്വാന് രണ്ടുവയസ്സാകാന് എട്ടുമാസമാണുള്ളത്. അതിനുള്ളില്‍ മരുന്ന് കിട്ടിയിട്ടേ പ്രയോജനമുള്ളു. ആ യാത്രയുടെ ദൈര്‍ഘ്യം കുറച്ചത് ഒരുപാട് സുമനസ്സുകള്‍ക്കൊപ്പം ഇപ്പോള്‍ വലിയ തുക നല്കിയ വ്യക്തിയുമാണ്.
സാമ്പത്തിക സഹായം നല്കിയവരെയും അല്ലാത്തവരെയുമൊക്കെ മനസ്സുകൊണ്ട് ചേര്‍ത്തുപിടിക്കുകയാണെന്നും സാരംഗ് പറഞ്ഞു.
നിര്‍വാണിന്റെ ഈ യാത്രയില്‍ പങ്കുചേര്‍ന്ന നിരവധി മനുഷ്യരുണ്ട്. ഭീമമായ തുക നല്‍കിയയാളില്‍ വാര്‍ത്ത എത്തുംവരെ കൈമാറിയ വ്യക്തികളുണ്ടാവും. പണം ഇല്ലെങ്കിലും നിര്‍വാണിന്റെ വാര്‍ത്ത പങ്കുവെച്ച് പ്രാര്‍ഥിക്കുന്നു എന്നു പറഞ്ഞവരും ഏറെയുണ്ട്. സാരംഗ് പറയുന്നു.