ടൊവിനോ നായകനായ തീവണ്ടി എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് സംയുക്താ മേനോൻ. ആദ്യ ചിത്രം ഹിറ്റായതോടെ മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും താരത്തിന് അവസരങ്ങള്‍ ലഭിച്ചു.
നിലവില്‍ തെലുങ്ക് സിനിമയില്‍ സജീവമായിരിക്കുകയാണ് നടി. ഭീംലനായകിലൂടെയാണ് തെലുങ്കില്‍ സംയുക്ത നായികയായി എത്തുന്നത്. കാര്‍ത്തികേയ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന പുതിയ ചിത്രത്തിലും സംയുക്തയാണ് നായിക.
സ്വയംഭൂ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ പോസ്റ്ററാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സംയുക്തയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്റര്‍ കണ്ടതോടെ സിനിമയിൽ സംയുക്ത അപ്സരസാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ചിത്രത്തിൽ സംയുക്ത ചെയ്യുന്ന വേഷം എന്താണെന്ന് സ്വയംഭൂവിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഒരു വമ്പന്‍ ഹിറ്റാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് പോസ്റ്ററും നല്‍കുന്നത്. ഒരു ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ് സ്വയംഭൂ. ഭരത് കൃഷ്ണമാചാരിയാണ് ചിത്രം സംവിധാനം ചെയുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് രവി ബസ്രുര്‍ ആണ്.
വിരൂപാക്ഷയാണ് സംയുക്ത നായികയായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. സായ് ധരം തേജ് നായകനായ ചിത്രം വന്‍ വിജയമായിരുന്നു. അടുത്തതായി ഡെവിള്‍ എന്ന തെലുങ്ക് ചിത്രത്തിലും താരം നായികയായി എത്തുന്നുണ്ട്. അഭിഷേക് നമ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കല്യാണ്‍റാം നന്ദാമുരിയാണ് നായകനായി എത്തുന്നത്.