പ്രദീപ്ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ പുതിയ ഷെഡ്യൂൾ പരിഷ്കരണം ഒന്നുമുതൽ നടപ്പാക്കും. നിലവിൽ നെയ്യാറ്റിൻകര, നെടുമങ്ങാട് യൂണിറ്റുകളിൽ നടപ്പാക്കിയ മാതൃകയിലാണ് സംസ്ഥാനമാകെ ഷെഡ്യൂൾ പരിഷ്കരിക്കുന്നത്. നിലവിലെ അധിക സമയ സിംഗിൾ ഡ്യൂട്ടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജീവനക്കാർ അസംതൃപ്തരാണ്.
പല ഘട്ടങ്ങളിലും ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർ ഇതിനെ തിരെ പ്രതികരിച്ചിട്ടുമുണ്ട്. അധിക സമയ സിംഗിൾ ഡ്യൂട്ടി കൊണ്ട് ജീവനക്കാരെ ദ്രോഹിക്കാം എന്നതിനപ്പുറം വരുമാന വർധനവ് നേടാൻ കഴിയുന്നില്ല എന്നാണ് ജീവനക്കാരുടെ ആക്ഷേപം.
കഴിഞ്ഞ 17 – ന് നടത്തിയ അംഗീകൃത തൊഴിലാളി സംഘടനകളുടെ യോഗത്തിൽ ഈ വിഷയം ഗൗരവമായ ചർച്ചയ്ക്ക് വഴിയൊരുക്കി.തൊഴിലാളിസംഘടനകൾ ഷെഡ്യൂൾ തയാറാക്കി സർവീസ് നടത്തി വരുമാന വർധനവ് നേടാം എന്നായിരുന്നു സംഘടനകളുടെ നിർദ്ദേശം.
ഇതിനോട് മാനേജ്മെന്റ് യോജിക്കുകയും പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് യൂണിറ്റുകളിൽ നടപ്പാക്കാനും അത് വിലയിരുത്തിയ ശേഷം മറ്റ് യൂണിറ്റുകളിൽ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കാം എന്നുമായിരുന്നു തീരുമാനം.
ഇതിന്റെെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര, നെടുമങ്ങാട് യൂണിറ്റുകളിൽ കഴിഞ്ഞ 21 മുതൽ തൊഴിലാളി സംഘടനകൾ കൂടി ചേർന്ന് തയാറാക്കിയ ഷെഡ്യൂൾ പരിഷ്കരണം നടപ്പാക്കിയിരുന്നു. ഇത് വിജയമാണെന്ന് ബോധ്യമായതിന്റെഅടിസ്ഥാനത്തിലാണ് സംസ്ഥാന മാകെ വ്യാപിപ്പിക്കുന്നത്.
എല്ലാ യൂണിറ്റുകളിലും തൊഴിലാളി സംഘടനകൾ ചേർന്ന് ഷെഡ്യൂളുടെ പട്ടിക തയാറാക്കാൻ നിർദേശം നല്കിയിട്ടുണ്ട്. ഷെഡ്യൂളുകളുടെ കരട് പട്ടിക 20 -ന് മുമ്പ് യൂണിറ്റുകളിൽ നിന്ന് ചീഫ് ഓഫീസിൽ എത്തിക്കണം.